
ന്യൂഡൽഹി : പാക്കിസ്ഥാനിൽനിന്നുള്ള ഹിന്ദു അഭയാർഥികൾ താമസിക്കുന്ന ഡൽഹിയിലെ ക്യാംപിൽ അപ്രതീക്ഷിത സന്ദർശകനായി ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. ഡൽഹിയിലെ മജ്ലിസ് മെട്രോ സ്റ്റേഷനു സമീപമുള്ള അഭയാർഥി ക്യാംപിലാണ് ശനിയാഴ്ച ധവാൻ അപ്രതീക്ഷിത അതിഥിയായെത്തിയത്. ക്യാംപിലെ അന്തേവാസികളുമായി ദീർഘനേരം സംസാരിച്ച ധവാൻ, അവർക്കായി ബയോ ടോയ്ലറ്റുകളും ക്രിക്കറ്റ് കിറ്റുകളും വിതരണം ചെയ്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാസ്ക് ഉൾപ്പെടെയുള്ള മുന്നൊരുക്കങ്ങളോടെയാണ് ധവാൻ ക്യാംപിലെത്തിയത്.
അഭയാർഥി ക്യാംപിലെ വിഷമതകൾ ചോദിച്ചറിഞ്ഞ ധവാൻ അവർക്കായി പോർട്ടബിൾ ബയോ ടോയ്ലറ്റുകൾ വിതരണം ചെയ്തു. ക്യാംപിലെ കുട്ടികൾക്ക് താരം ക്രിക്കറ്റ് കിറ്റുകളും സമ്മാനിച്ചു. ക്രിക്കറ്റ് കളിക്കാനും ഇഷ്ടമുള്ള മേഖല കണ്ടെത്തി അതിൽ ശ്രദ്ധ ചെലുത്താനും ധവാൻ കുട്ടികളെ ഉപദേശിച്ചു. ക്യാംപിലെ ആളുകൾക്കൊപ്പം ഒട്ടേറെ സമയം ചെലവഴിച്ച ശേഷമാണ് ധവാൻ മടങ്ങിയത്.






