
റാഞ്ചി : എം.എസ് ധോനിയുടെ 39-ാം പിറന്നാളിൽ ആശംസയുമായി ഭാര്യ സാക്ഷി സിങ് ധോനി. ധോനിയുടെ മനോഹരമായ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തായിരുന്നു സാക്ഷിയുടെ ആശംസ. റാഞ്ചിയിലെ ഫാം ഹൗസിൽ ധോനി വളർത്തു നായകൾക്കൊപ്പം നിൽക്കുന്ന ചിത്രവും ഇതിലുണ്ടായിരുന്നു. ഈ ചിത്രത്തിൽ ധോനിയുടെ മുടി നരച്ചിരിക്കുന്നതും കാണാം. തന്റെ പിറന്നാൾ ആശംസയിലും ഇക്കാര്യം സാക്ഷി പറയുന്നുണ്ട്.
'നിങ്ങൾ ജനിച്ച ദിവസം അടയാളപ്പെടുത്തുന്നു. ഒരു വയസ് കൂടി പിന്നിട്ടിരിക്കുന്നു, അൽപം കൂടി നരച്ചിരിക്കുന്നു, കുറച്ചുകൂടി മിടുക്കനായിരിക്കുന്നു. മധുരമൂറുന്ന ആശംസകൾക്കും സമ്മാനങ്ങൾക്കും സ്വാധീനിക്കാൻ കഴിയാത്ത മനുഷ്യനാണ് നിങ്ങൾ. മെഴുകുതിരി കത്തിച്ചും കേക്ക് മുറിച്ചും നിങ്ങളുടെ ജീവിതത്തിലെ മറ്റൊരു വർഷം കൂടി ആഘോഷിക്കാം. പിറന്നാളാശംസകൾ!'. സാക്ഷി ചിത്രങ്ങളോടൊപ്പം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സാക്ഷിയുടെ പിറന്നാളാശംസയ്ക്ക് താഴെ നിരവധി ആരാധകർ ധോനിക്ക് ആശംസ നേർന്നിട്ടുണ്ട്. ഒപ്പം ക്രിക്കറ്റിലെ മുൻതാരങ്ങളും സഹതാരങ്ങളും ധോനിക്ക് ആശംസ അറിയിച്ച് സോഷ്യൽ മീഡിയിയൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
2019-ലെ ലോകകപ്പ് സെമിയിൽ ഇന്ത്യ തോറ്റു പുറത്തായതിന്ശേഷം ധോനി രാജ്യത്തിനുവേണ്ടി കളിച്ചിട്ടില്ല. അടുത്തിടെ ധോനിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിനെതിരേ ശക്തമായ ഭാഷയിൽ പ്രതികരണവുമായി സാക്ഷി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇത്തവണ ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ധോനിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.






