
തലയോടിനേറ്റ പരുക്കിനുള്ള ശസ്ത്രക്രിയയ്ക്കായി അമൃത ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരിക്കുന്ന അനുഷ്കയെന്ന അഞ്ചുവയസ്സുകാരിയുടെ മുന്നോട്ടുളള ചികിത്സയ്ക്കായി രക്തം വേണം. 'പി നള്‍ ഫെനോടൈപ്പ്' എന്നറിയപ്പെടുന്ന അത്യപൂര്‍വ രക്തഗ്രൂപ്പാണ് കുഞ്ഞ് അനുഷ്കയുടേത്.
ഇന്ത്യയില്‍ തന്നെ ആകെ രണ്ട് പേര്‍ക്ക് മാത്രമാണ് ഈ ഗ്രൂപ്പ് രക്തം ഉള്ളത്. അതുകൊണ്ടു തന്നെ ആഗോള തലത്തിലേയ്ക്ക് ഈ ആവശ്യം നീളുകയാണ്.
ഒരു വര്‍ഷം മുന്‍പ് കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണാണ് അനുഷ്കയ്ക്ക് പരുക്കേറ്റത്. ഇതേത്തുടര്‍ന്നാണ് ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ആദ്യഘട്ട ശസ്ത്രക്രിയ നടത്തിയതോടെ തന്നെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലാണ്. പിനള്‍ അഥവാ പിപി എന്നറിയപ്പെടുന്ന രക്തം ലഭിച്ചാല്‍ മാത്രമേ സുപ്രധാന ശസ്ത്രക്രിയ നടത്താന്‍ കഴിയുകയുള്ളൂ.
2018 ല്‍ മണിപ്പാല്‍ കസ്തൂര്‍ബ ആശുപത്രിയില്‍ ചികില്‍സ തേടിയ ആള്‍ക്ക് മാത്രമാണ് ഇതിന് മുന്‍പ് ഈ ഗ്രൂപ്പ് രക്തം കണ്ടെത്തിയത്. ഇയാളെ ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടുവെങ്കിലും എബിഒ ചേരാത്തത്തിനാല്‍ ശ്രമം ഉപേക്ഷിച്ചു. ഇതോടെയാണ് തിരച്ചില്‍ ആഗോളവ്യാപകമാക്കിയത്. ലണ്ടനിലെ ഒരു ആശുപത്രിയില്‍ രക്തം ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ്.






