
മലയാള സിനിമയോട് വിടപറഞ്ഞിട്ട് 13 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മലയാളികളുടെ മനസ്സില്‍ ഇന്നും നിറഞ്ഞു നില്ക്കുന്ന താരമാണ് ശ്രീവിദ്യ. മലയാള സിനിമയുടെ അപൂര്‍വ്വ ഭാഗ്യമായിരുന്നു ശ്രീവിദ്യ. അഭിനയിച്ച വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കി ഈ അനുഗ്രഹീത നടി. മലയാളത്തിന്റെ ശ്രീ എന്നായിരുന്നു മാധ്യമങ്ങള്‍ ശ്രീവിദ്യയെ വിശേഷിപ്പിച്ചത്. ശ്രീവിദ്യ നല്കിയ പഴയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധേയമാകുന്നത്.
ഏറെ പ്രശസ്തിയും പുരസ്കാരങ്ങളും തേടിയെത്തിയിരുന്നെങ്കിലും അത്ര തന്നെ ഒളിയമ്പുകളും പ്രശ്നങ്ങളും അപമാനവും ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് ശ്രീവിദ്യ പറയുന്നത്. '' എനിക്ക് മാലയിട്ടുള്ള സ്വീകരണം ലഭിച്ചുണ്ട്, അമ്പുകളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അച്ഛന് ശാസിച്ചാലും അമ്മയ്ക്ക് ഒരു സ്നേഹമുണ്ടല്ലോ, അങ്ങനെയാണ് ഞാനതിനെ കാണുന്നത്. എന്നെ തഴഞ്ഞ, അവഗണിച്ച, പുറന്തള്ളിയ ഒരുപാട് പേരുടെ കൂടെ പിന്നീട് ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. കെ എസ് ഗോപാലകൃഷ്ണന് സാറും ഞാനും തമ്മില്‍ വളരെ ഓപ്പണായി തന്നെ വഴക്കായിട്ടുണ്ട്. അങ്ങേരുടെ പടത്തില്‍ ഞാന്‍ അഭിനയിക്കില്ലെന്ന് വരെ ഞാന്‍ പറഞ്ഞിരുന്നു.
കുറേനാളുകള്‍ ഞങ്ങള്‍ കണ്ടാല്‍ സംസാരിക്കില്ലായിരുന്നു. അദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ ഷൂട്ടിംഗിന് പോവും, പക്ഷേ മിണ്ടില്ല. പിന്നീട് അദ്ദേഹം വളരെ കഷ്ടത്തിലായ സമയത്ത് (അന്ന് ഞാന്‍ നല്ല നിലയിലെത്തിയിരുന്നു), എന്റെ സിനിമയുടെ ലൊക്കേഷനില്‍ കയറി വന്ന് കൈയില്‍ പിടിച്ചിട്ട് അദ്ദേഹമെന്നോട് അമ്മാ... എന്നോട് ക്ഷമിക്കണം, ഞാന്‍ നിന്നോട് ചെയ്തത് തെറ്റാണെന്ന് പറഞ്ഞു. തമിഴിലെ മഹാനായ ഒരു സംവിധായകനാണ് അദ്ദേഹം, ഒരു ഇന്സ്റ്റിറ്റിയൂഷന്. ഒരുപടത്തില്‍ നിന്ന് അദ്ദേഹമെന്നെ കട്ട് ചെയ്ത സംഭവമായിരുന്നു വഴക്കിനു കാരണം. വളരെ ക്രൂരമായിരുന്നു അത്. രണ്ടുദിവസം ഡാന്‍സ് സീനുകളൊക്കെ ചെയ്യിപ്പിച്ചിട്ട് എന്നെ സിനിമയില്‍ നിന്നും ഒഴിവാക്കി.
അദ്ദേഹത്തെ പോലെ ഒരു വലിയ സംവിധായകന് സിനിമയില്‍ നിന്നും ഒഴിവാക്കിയപ്പോള്‍, എന്തോ ഉണ്ടായിട്ടാണെന്നു കരുതി ഒന്നു രണ്ടു സിനിമകള്‍ വേറെയും എനിക്ക് നഷ്ടപ്പെട്ടു. ആളുകള്‍ക്ക് ഒരു ഈഗോയുണ്ട്, 90 ശതമാനം ആളുകളും അത് വിട്ട് നേരിട്ട് വന്ന് മാപ്പ് പറയുകയൊന്നുമില്ല, അതും വേറൊരു സംവിധായകന്റെ സെറ്റിലെത്തി. ഗോപാലകൃഷ്ണന് സാര്‍ മാപ്പ് പറഞ്ഞ്, എന്റെ ഒരു പടത്തില്‍ അഭിനയിക്കണം എന്നു പറഞ്ഞപ്പോള്‍ എനിക്ക് അത്ഭുതം തോന്നി. ഞാന്‍ ശരിയെന്നു പറഞ്ഞു, അങ്ങനെ ചെയ്ത സിനിമയാണ് 'റൗഡി റാക്കമ്മ'.'' ശ്രീവിദ്യ പറയുന്നു.






