
കോഴിക്കോട്: കോവിഡ് പരിശോധനാഫലങ്ങള്‍ സ്വകാര്യ ലാബുകളില്‍ നിന്ന് യഥാസമയം ആരോഗ്യ വകുപ്പിനെ അറിയിക്കുന്നതില്‍ വീഴ്ച. ഇത് ആരോഗ്യവകുപ്പിന് കനത്ത വെല്ലുവിളിയാവുയാണ്. ഫലം കിട്ടാന്‍ വൈകുന്നത് രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിക നീളാന്‍ കാരണമായേക്കാം.
കോഴിക്കോട് നഗരത്തിലെ വസ്ത്രവ്യാപാരിക്കും കുടുംബാംഗങ്ങള്‍ക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത് ഏറെ വൈകിയാണ് ആരോഗ്യ വകുപ്പ് അറിയുന്നത്. ലാബില്‍ നിന്ന് കൃത്യമായി ഈ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നില്ല. ഇത്തരം സാഹചര്യങ്ങള്‍ സ്ഥിതി കൂടുതല്‍ വഷളാക്കിയേക്കാം.
വസ്ത്രവ്യാപാരിക്കും കുടുംബാംഗങ്ങള്‍ക്കും വ്യാഴാഴ്ചയാണ് അരയിടത്ത്പാലത്തെ സ്വകാര്യ ലാബില്‍ നടത്തിയ ട്രൂനാറ്റ് ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചത്. പനി ബാധിച്ച ശേഷം രുചിയും മണവും തിരിച്ചറിയാനാവാതെ വന്നതിനെത്തുടര്‍ന്നായിരുന്നു പരിശോധന നടത്തിയതെന്ന് വ്യാപാരി പറഞ്ഞു. എന്നാല്‍ ആരോഗ്യ വകുപ്പ് ഇക്കാര്യം യഥാസമയം അറിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഇവരുമായി സമ്പര്‍ക്കമുളളവരെ യഥാസമയം നിരീക്ഷണത്തിലാക്കാനും കഴിഞ്ഞില്ല.
കോഴിക്കോട്ട് ഏഴ് സ്വാകാര്യ ലാബുകള്‍ക്കാണ് കോവിഡ് പരിശോധന നടത്താന്‍ അനുമതിയുള്ളത്. എന്നാല്‍, പരിശോധനയ്ക്കെത്തുന്നവരുടെ വിവരങ്ങള്‍ ഉടനടി നല്കണമെന്നുള്ള ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശം ഒരിടത്തും പാലിക്കപ്പെടുന്നില്ല.






