
കാഠ്മണ്ഡു: യഥാര്‍ഥ അയോധ്യയും രാമനും നേപ്പാളിലാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി. നേപ്പാളി കവിയായ ഭാനുഭക്തയുടെ ജന്മദിനാഘോഷം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടത്തുന്നതിനിടെയാണ് പുതിയ പ്രസ്താവന.
ഇന്ത്യയുടെ ലിപുലേഖും കാലാപാനിയും അടക്കമുള്ള പ്രദേശങ്ങള്‍ തങ്ങളുടേതെന്ന് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അവകാശവാദം. ബിര്‍ഗുഞ്ചിലെ തൊരിയിലാണ് യഥാര്‍ത്ഥ അയോധ്യയെന്നും ചരിത്രം വളച്ചൊടിക്കപ്പെട്ടതാണെന്നും ഒലി പറഞ്ഞു.
നേപ്പാളിലെ മാധ്യമങ്ങളാണ് പുതിയ അവകാശവാദം റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത്. 'നമ്മള് സീതയെ ഇന്ത്യയിലെ രാമ രാജകുമാരന് നല്‍കിയെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാല്‍ അയോധ്യയിലെ രാജകുമാരനാണ് നല്‍കിയത്. ബിര്‍ഗുഞ്ജിന് പടിഞ്ഞാറായുള്ള ഒരു ഗ്രാമമാണ് അയോധ്യ. ഇപ്പോള്‍ പ്രചാരത്തിലുള്ള അയോധ്യയല്ല അത്.' ഒലി അവകാശപ്പെട്ടു.






