
ലോകമെങ്ങും കൊറോണ വൈറസിന്റെ ഭീതിയിലാണ്. വൈറസിന്റെ പിടിയില്‍ അകപ്പെടുന്നവരെ കുറിച്ചും വൈറസിനെ കുറിച്ചുമുള്ള പഠനത്തിലാണ് ഗവേഷകര്‍. കോവിഡ് 19 ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ളവരുടെ പട്ടിക വീണ്ടും പുതുക്കിയിരിക്കുകയാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (CDC). കോവിഡ് 19 ഏതു സമയത്തും വരാം. എന്നാല്‍ പ്രത്യേക രോഗാവസ്ഥകളുണ്ടെങ്കില്‍ സാധാരണയിലും കൂടുതല്‍ ആയിരിക്കും രോഗ സാധ്യത. ആരോഗ്യകരമായ ഭക്ഷണ ക്രമം, വ്യായാമം ഇവ ശീലിക്കുക. മരുന്നുകള്‍ മുടങ്ങാതെ കഴിക്കുക, പരിശോധനകള്‍ ആവശ്യമെങ്കില്‍ നടത്തുക. സാമൂഹിക അകലം പാലിക്കുക. മാസ്ക് ധരിക്കുക. എന്നിവയൊക്കെയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.
കോവിഡ് 19 ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നു സിഡിസി കണക്കാക്കുന്ന രോഗാവസ്ഥയുള്ളവരില്‍ ഒന്ന് ഗുരുതരമായ വൃക്ക രോഗം ഉള്ളവരിലാണ്. പൊണ്ണത്തടി ( ബിഎം ഐ മുപ്പതോ അതിനു മുകളിലോ )യുള്ളവരെയും രോഗം വളരെ പെട്ടെന്ന് ബാധിച്ചേക്കാം. സി ഒ പി ഡി (Chronic Obstructive Pulmonary Disease) ഉള്ളവരും വളരെയധികം ശ്രദ്ധിക്കണം. ടൈപ് 2 പ്രമേഹം, ഗുരുതരമായ ഹൃദ്രോഗം ( ഹൃദയത്തിന്റെ തകരാറ്, കൊറോണറി ആര്‍ട്ടറി ഡിസീസ്, കാര്‍ഡിയോ മയോപ്പതി ), സിക്കിള്‍ സെല്‍ ഡിസീസ്, അവയവം മാറ്റി വച്ചതിലൂടെ പ്രതിരോധ സംവിധാനം ദുര്‍ബലമായവര്‍ എന്നിവരെയൊക്കെയും കൊവിഡ് ബാധിക്കാന്‍ വളരെയധികം സാധ്യത കൂടുതലാണെന്നാണ് സിഡിസി വ്യക്തമാക്കുന്നത്.
കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദം, ആസ്മ (സാധാരണ മുതല്‍ ഗുരുതരമായതുവരെ ), സിസ്റ്റിക് ഫൈബ്രോസിസ്, സെറിബ്രോ വാസ്കുലര്‍ ഡിസീസ്, ഡിമെന്‍ഷ്യ ഉള്‍പ്പെടെയുള്ള നാഡീസംബന്ധമായ രോഗങ്ങള്‍, ഗര്‍ഭാവസ്ഥ, പള്‍മണറി ഫൈബ്രോസിസ് ( ശ്വാസകോശ രോഗം ), കരള്‍ രോഗം, പുകവലി, തലാസീമിയ, ടൈപ് 1 പ്രമേഹം, ബ്ലഡ് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ്, പ്രതിരോധ ശക്തിക്കുറവ്, എച്ച്ഐവി, കോര്‍ട്ടിക്കോ സ്റ്റിറോറോയ്ഡ്കളുടെ ഉപയോഗം എന്നിങ്ങനെയുള്ള ആളുകളെ കോവിഡ് 19 ഗുരുതരമായി ബാധിക്കാമെന്ന് സി ഡി സി പറയുന്നു.
എണ്പത്തഞ്ചു വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് രോഗം ബാധിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. പ്രായം നാല്പതുകളില് ഉള്ളവരേക്കാള്‍ അന്പതുകളിലുള്ളവര്ക്ക് രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടും. അതുപോലെ തന്നെ പ്രായം അന്‍പതുകളില്‍ ഉള്ളവരേക്കാള്‍ അറുപതുകളില്‍ ഉള്ളവര്‍ക്ക് രോഗസാധ്യത കൂടും. മുന്‍പ് ബോഡി മാസ് ഇന്‍ഡക്സ് 40 നു മുകളില്‍ പ്രായമുള്ളവരായിരുന്നു ഹൈ റിസ്ക് എങ്കില്‍ ഇപ്പോള്‍ അത് ബിഎംഐ 30 നു മുകളില്‍ എന്നായി. ഗര്‍ഭിണികളില്‍ കോവിഡിന്റെ അപകട സാധ്യത കൂടുതല്‍ ആണെന്ന് പുതുക്കിയ മാര്‍ഗരേഖയില്‍ പറയുന്നു. യു എസിലെ കോവിഡ് ബാധിച്ച എണ്ണായിരം ഗര്‍ഭിണികളില്‍ നടത്തിയ പഠനത്തെ ആസ്ഥാന മാക്കിയാണ് ഗര്‍ഭാവസ്ഥ, രോഗം പിടിപെടാന്‍ സാധ്യത കൂട്ടുമെന്നു കണ്ടത്.






