
മാഞ്ചസ്റ്റര്‍: കോവിഡ്-19 വൈറസ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ച യുവ പേസര്‍ ജോഫ്ര ആര്‍ച്ചറിനെ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍നിന്നു പുറത്താക്കി. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേയാണ് ആര്‍ച്ചറിനെ പുറത്താക്കിയത്. ആര്‍ച്ചറിനെ അഞ്ചു ദിവസത്തെ ഐസോലേഷനിലാക്കി. ഐസോലേഷന് കാലയളവില്‍ രണ്ടുവട്ടം കോവിഡ് പരിശോധന നടത്തും. രണ്ട് പരിശോധനയിലും ഫലം നെഗറ്റീവായാല്‍ ഐസോലേഷന് ഒഴിവാക്കും.
ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ് ടീമുകള്‍ എയ്ഗീസ് ബോളിലെ ബയോ സെക്യുര്‍ ബബിളിലാണു കഴിയുന്നത്. ടീമില്‍നിന്നു പുറത്തായതിനു പിന്നാലെ സഹതാരങ്ങളോടും ആരാധകരോടും മാപ്പു ചോദിച്ച് ആര്‍ച്ചര്‍ രംഗത്തെത്തി. പിഴവിന് ഹൃദയത്തിന്റെ ഭാഷയില്‍ മാപ്പു ചോദിക്കുന്നു. തന്റെ പ്രവൃത്തി സഹതാരങ്ങളെയും ടീം മാനേജ്മെന്റിനെയും അപകടത്തിലാക്കി. അതിന്റെ എല്ലാ പ്രത്യാഘാതങ്ങളുടെയും ഉത്തരവാദിത്തം തനിക്കു മാത്രമാണെന്നും ആര്‍ച്ചര്‍ ട്വീറ്റ് ചെയ്തു.
സതാംപ്ടണിലെ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ആര്‍ച്ചര്‍ മൂന്നു വിക്കറ്റെടുത്തിരുന്നു. ആര്‍ച്ചര്‍ എന്തു തരത്തിലുള്ള പ്രോട്ടോക്കോള്‍ ലംഘനമാണു നടത്തിയതെന്നു വിശദീകരിക്കാന്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് തയാറായില്ല. ഒന്നാം ടെസ്റ്റ് അവസാനിച്ചതിനു പിന്നാലെയാണ് ആര്‍ച്ചര്‍ നിയമ ലംഘനം നടത്തിയതെന്നാണു സൂചന. താരത്തിനെതിരേ അച്ചടക്ക നടപടിയുണ്ടാകുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇ.സി.ബി. വക്താവ് വ്യക്തമായ മറുപടി നല്‍കിയില്ല. ഏറെ എതിര്‍പ്പുകളെ അതിജീവിച്ചാണ് ഇ.സി.ബി. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര സംഘടിപ്പിക്കുന്നത്.
ഇതു കഴിഞ്ഞാല്‍ പാകിസ്താനെതിരേയും ഇംഗ്ലണ്ട് പരമ്പര കളിക്കും. വിന്‍ഡീസ്, പാക് ടീമുകളെ ഇ.സി.ബി. മുന്‍കൈയെടുത്ത് ചാര്‍ട്ടേഡ് വിമാനത്തിലാണു കൊണ്ടുവന്നത്. കോവിഡ് മഹാമാരി മൂലം ബ്രിട്ടനില്‍ 44,000 പേര് മരിച്ചിരുന്നു. ഈ സമയത്ത് ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കേണ്ടെന്ന അഭിപ്രായം സജീവമായിരുന്നു.
മത്സരങ്ങള്‍ നടക്കുന്നതും കളിക്കാര്‍ താമസിക്കുന്നതും ബയോ സെക്യുര്‍ ബബിളില്‍ (വൈറസ് മുക്ത കുമിള) ആണെന്നു സംഘാടകര്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. താരങ്ങള്‍ക്കു കോവിഡ് ബാധിക്കാതിരിക്കാന്‍ ക്രമീകരിച്ച പ്രത്യേക മേഖലയാണ് ഇത്. ഗ്രൗണ്ടും കളിക്കാരുടെ താമസ സ്ഥലവുമെല്ലാം ഈ കുമിളയ്ക്കുള്ളിലാണ്. ആര്‍ച്ചറിനെതിരേ മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. കോവിഡിനെതിരായ പോരാട്ടത്തിനിടെ ആര്ച്ചറിനെപ്പോലുള്ളവരുടെ പ്രവൃത്തി സഹതാപം അര്‍ഹിക്കുന്നില്ലെന്നു വിന്‍ഡീസ് ഇതിഹാസം മൈക്കിള്‍ ഹോള്‍ഡിങ് പറഞ്ഞു. ഇംഗ്ലണ്ടിന്റെ മുന്‍ നായകന്മാരായിരുന്ന മൈക്കിള്‍ ആര്‍തര്‍ടണും മൈക്കിള്‍ വോണും ആര്‍ച്ചറിനെ തള്ളിപ്പറഞ്ഞു.






