
തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിൽ സര്‍ക്കാര്‍ വലിയ വിവാദം നേരിടുന്ന സാഹചര്യത്തില്‍ ഇന്ന് നിര്‍ണ്ണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പല വിവാദങ്ങള്‍ക്ക് ഒടുവില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണ്ണക്കടത്തിലും സംശയനിഴലിൽ നിൽക്കെയാണ് യോഗം.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ ശക്തമായ അതൃപ്തി ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന് ജാഗ്രതക്കുറവുണ്ടായി എന്ന് വിലയിരുത്തല്‍. ഓഫീസിൽ പ്രൈവറ്റ് സെക്രട്ടറി അഡി. പ്രൈവറ്റ് സെക്രട്ടറി തലത്തിൽ അഴിച്ചുപണി വേണമെന്ന ആവശ്യവും ശക്തമാണ്.
സ്പ്രിംഗ്ലര്‍ അടക്കം ഇതുവരെയുള്ള എല്ലാ വിവാദങ്ങളിലും മുഖ്യമന്ത്രിക്കൊപ്പം നിന്ന നേതാക്കൾ പുതിയ വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ തിരിഞ്ഞിട്ടുണ്ട്. നാല് വർഷത്തിനെ ഒട്ടേറെ വിവാദങ്ങളാണ് പിണറായി ഭരണത്തിൽ നേരിട്ടത്. സിപിഎം. മാവോയിസ്റ്റ് ഏറ്റുമുട്ടല്‍, യുഎപിഎ വിവാദം, സ്പ്രിംക്ലര്‍ ആക്ഷേപം. എന്നാല്‍ സ്വര്‍ണ്ണക്കടത്ത് സര്‍ക്കാരിനെയും പാര്‍ട്ടിയേയും വലിയ രീതിയില്‍ പ്രതിരോധത്തിലാക്കി.
ഇടത് നയം പോലും മറന്ന് മുഖ്യമന്ത്രിയ്ക്ക് പിന്തുണച്ച പാർട്ടി, സ്വർണ്ണ കള്ളക്കടത്ത് കേസിൽ എന്ത് നിലപാടെടുക്കും എന്നതിലാണ് യോഗം നിര്‍ണ്ണായകമാകുന്നത്. നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എം വി ജയരാജനെ തിരിച്ചു കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. പാര്‍ട്ടിക്കാരുടെ അമിത സ്വാധീനം എന്ന ആരോപണത്തില്‍ കുടുങ്ങിയാണ് എം വി ജയരാജനെ കണ്ണൂരിലേക്ക് തിരിച്ചയച്ചത്.
എന്നാല്‍ ഇത് വിനയായി മാറി. ജയരാജന് കണ്ണൂർ ജില്ലാസെക്രട്ടറിയായി പോയതിന് ശേഷം നിയന്ത്രണം കയ്യാളിയ ശിവശങ്കര്‍ സര്‍ക്കാരിനെ പല തവണ കുഴപ്പത്തില്‍ ചാടിച്ചതായി പാര്‍ട്ടി വിലയിരുത്തുന്നു. പുതിയ പശ്ചാത്തലത്തിൽ ജയരാജനെ തിരിച്ചു കൊണ്ടുവരികയോ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നോ സംസ്ഥാനകമ്മിറ്റിയിൽ നിന്നോ ഉള്ള ഒരാൾക്ക് ഓഫീസ് ചുമതല നൽകാനുമാണ് ആലോചന.
യോഗത്തിൽ മുഖ്യമന്ത്രിയുടെ നിലപാടായിരിക്കും ഏറ്റവും ശ്രദ്ധേയം. മുഖ്യമന്ത്രിക്ക് കീഴിലെ ഐടി വകുപ്പിൽ നടന്ന പിൻവാതിൽ നിയമനങ്ങളും പരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്.






