
മാഡ്രിഡ്: റയാല്‍ മാഡ്രിഡിന്റെ ലാ ലിഗ കിരീടം നേടിയതിന്റെ ആഹ്ളാദ പ്രകടനങ്ങളില്‍ പങ്കെടുക്കാതെ മാറിനിന്ന ഗാരേത് ബെയ്ല് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായി.
വെയ്ല്സുകാരന് വിംഗര്‍ റയാലില്‍ തുടരാന്‍ ഒട്ടും താല്പര്യമില്ലാത്തതു പോലെയാണു പെരുമാറുന്നതെന്നാണു കളിയെഴുത്തുകാരുടെ നിരീക്ഷണം. കഴിഞ്ഞ ആറു മത്സരങ്ങളിലും ബെയ്ല് റിസര്‍വ് ബെഞ്ചിലും ഇല്ലായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടന്‍ഹാം ഹോട്ട്സ്പറില്നിന്ന് 2018 ലാണ് അന്നത്തെ ലോക റെക്കോഡ് തുകയ്ക്കാണു ബെയ്ലിനെ റയാല്‍ സ്വന്തമാക്കിയത്.
ആഴ്ചയില്‍ 350,000 പൗണ്ടാണ് ബെയ്ലിനു റയാല്‍ നല്‍കുന്നത്. പ്രീമിയര്‍ ലീഗില്‍നിന്ന് ഏഴു വര്‍ഷം മുമ്പ് മാഡ്രിഡിലെത്തിയ ബെയ്ല് ഇതുവരെ സ്പാനിഷ് സംസാരിക്കാന്‍ പഠിക്കാത്തതും വിമര്‍ശന വിധേയമാണ്. റയാലിലെ സഹതാരങ്ങള്‍ ബെയ്ലിനു നല്കിയ ഓമനപ്പേരാണ് ഗോള്‍ഫര്‍. ഫുട്ബോള്‍ കളിക്കുന്നതിനെക്കാള്‍ കൂടുതല്‍ സമയം ഗോള്‍ഫിനു ചെലവിടുന്നതാണ് ഈ പേര് വീഴാന്‍ കാരണം. 2019 ഫെബ്രുവരിയില്‍ ലാവന്റെയ്ക്കെതിരേ നടന്ന ലാ ലിഗ മത്സരത്തില്‍ ബെയ്ല് താല്പര്യമില്ലാതെയാണു കളിക്കാനിറങ്ങിയത്. ഡബ്ല്യു.ജി.സി. - മെക്സിക്കോ ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പ് ഫോണില്‍ കണ്ടു കൊണ്ടിരിക്കേയാണു ബെയ്ലിനു കളത്തിലിറങ്ങേണ്ടി വന്നത്്.
ഗ്രനേഡയും തമ്മില്‍ കഴിഞ്ഞ തിങ്കളാഴ്ച നടന്ന ലാ ലിഗ മത്സരം സ്റ്റാന്‍സില്‍ ഇരുന്നു ദൂരദര്‍ശിനി കൊണ്ടു മത്സരം വീക്ഷിക്കുന്നതായി അഭിനയിക്കുന്ന ബെയ്ലിന്റെ ചിത്രം വൈറലായിരുന്നു. മറ്റൊരു മത്സരത്തിനിടെ ഫെയ്്സ് മാസ്ക് കണ്ണില്‍ വച്ച് ഉറങ്ങുന്ന ബെയ്ലിന്റെ ചിത്രവും റയാല്‍ ആരാധകരെ വേദനിപ്പിച്ചു. താരങ്ങള്‍ക്കായി അത്താഴത്തിനു ശേഷം സംഘടിപ്പിച്ച യോഗത്തില്‍ ബെയ്ല് പങ്കെടുത്തില്ല. ഉറങ്ങാനുള്ള സമയമായെന്നു പറഞ്ഞാണു ബെയ്ല് ഒഴിവായതെന്നു ഗോള്‍ കീപ്പര്‍ തിബൗത് കോര്‍ട്ടോസിസ് പറഞ്ഞു.
റയാല്‍ കോച്ച് സിനദിന്‍ സിദാന് മുമ്പും ബെയ്ലിനെ ന്യായീകരിക്കാന്‍ ശ്രമിച്ചിരുന്നു. ബെയ്ലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നു സിദാന് ഒരിക്കല്‍ കുറ്റപ്പെടുത്തി. സിദാനും ബെയ്ലും തമ്മിലുള്ള സ്വരച്ചേര്‍യില്ലായ്മയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.






