
കൊച്ചി : നഗ്നശരീരത്തില് രഹ്ന ഫാത്തിമ മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ പോക്സോ, ഐടി, ബാലനീതി നിയമങ്ങള്‍ പ്രകാരമാണ് മുന്നേറുന്നതെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഡിവിഡി കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും അറിയിച്ചു. ഈ വിഷയത്തില്‍ തിരുവല്ല സ്വദേശി അരുണ്‍ പ്രകാശ് നല്കിയ പരാതിയില്‍ തിരുവല്ല പൊലീസും കേസെടുത്തിട്ടുണ്ട്.
യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വിഡിയോ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നു കൊച്ചി സിറ്റി പൊലീസിന്റെ സൈബര്‍ ഡോം വിഭാഗം, സമൂഹമാധ്യമത്തിലെ കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീലതയുമായി ബന്ധമുള്ള കുറ്റകൃത്യമാണിതെന്ന് കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രഹ്നയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്താണ് എറണാകുളം ടൗണ്‍ സൗത്ത് ഇന്‍സ്പെക്ടറുടെ വിശദീകരണ പത്രിക. അന്വേഷണ ഭാഗമായി ലാപ്ടോപ്, ഫോട്ടോ എടുക്കാനുപയോഗിച്ച സ്റ്റാന്‍ഡ്, പെയ്ന്റ് മിക്സിങ് സ്റ്റാന്‍ഡ്, കളര്‍ ബോട്ടില്‍, ബ്രഷ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ കണ്ടെടുത്തു.






