
പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ആലത്തൂര്‍ സ്വദേശി ഓണ്‍ലൈന്‍ ചാരിറ്റി മേഖലയിലേക്കു കടന്നതോടെയാണ് ലക്ഷാധിപതിയായത്. ഇന്നു മൂന്നു കാറുകളാണ് ഇദ്ദേഹത്തിനു സ്വന്തമായുള്ളത്. തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായിമറ്റുള്ളവര് നല്കിയ സമ്മാനങ്ങളാണ് ഇവയെന്ന് അദ്ദേഹം പറയുന്നു. ആദ്യഘട്ടത്തില്‍ ലൈവ് വീഡിയോയിലൂടെ പാട്ടുപാടിയായിരുന്നു തുടക്കം. പ്രോത്സാഹനം ലഭിച്ചതോടെ ഫെയ്സ്ബുക്ക് പേജ് തുടങ്ങി. തുടര്‍ന്നാണ് ഓണ്‍ലൈന്‍ ചാരിറ്റി രംഗത്തേക്കു കടന്നത്.
തുടക്കത്തില്‍ നല്ല രീതിയിലായിരുന്നു പ്രവര്‍ത്തനമെന്നു സുഹൃത്തുക്കള്‍ പറയുന്നു. ലക്ഷങ്ങള്‍ വന്നുതുടങ്ങിയതോടെ റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി ചങ്ങാത്തം കൂടി. ഓണ്‍ലൈന്‍ ചാരിറ്റിയിലൂടെ രോഗികളുടെ അറിവില്ലായ്മ ചൂഷണം ചെയ്ത് നേടിയെടുത്ത ലക്ഷങ്ങള്‍ മുടക്കിയതു ഭൂമി കച്ചവടത്തില്‍. ഇയാളുടെ സന്തത സഹചാരിയായി ഓണ്‍ലൈന്‍ ചാരിറ്റി മേഖലയില്‍ സാന്നിധ്യമറിയിച്ച കൊടുങ്ങല്ലൂര്‍ സ്വദേശിയാകട്ടെ കണ്ണായ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടി. കൊടുങ്ങല്ലൂരില്‍തന്നെ പ്രധാനപാതയ്ക്കരികെയുള്ള സ്ഥലം ഇയാള്‍ സ്വന്തമാക്കിയത് അടുത്തിടെയാണ്.
പണം മുഴുവനായി നല്‍കിയെങ്കിലും ഇതുവരെ രജിസ്ട്രേഷന് ഉള്‍പ്പെടെയുള്ള നടപടികളൊന്നും നടന്നിട്ടില്ല. പരസ്പര വിശ്വാസത്തോടെ നടക്കുന്ന ഈ ഇടപാട്, ഓണ്‍ലൈന്‍ ചാരിറ്റിയിലൂടെ നേടിയ പണമത്രയും രോഗികള്‍ക്കായി വീതിച്ചുനല്കിയെന്നു സ്ഥാപിച്ച ശേഷമേ രേഖാമൂലമാക്കൂ. കണ്ണൂര്‍ സ്വദേശിയായ വര്‍ഷയുടെ അമ്മയ്ക്കു കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ശേഖരിച്ച കോടിയിലേറെ വരുന്ന തുകയുമായി ബന്ധപ്പെട്ട വിവാദം കൊഴുത്തതോടെ ഇയാളുടെ ഫെയ്സ്ബുക്ക് പേജ് അപ്രത്യക്ഷമായി.
വര്‍ഷയ്ക്കായി ഫെയ്സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത സാജന് കേച്ചേരി 24 വര്‍ഷമായി ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് അവകാശപ്പെട്ടത്. ഓണ്‍ലൈന്‍ ചാരിറ്റിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അറുപതോളംപേര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇയാള്‍ പറയുന്നു. സാജന് കേച്ചേരിയുടെ നേതൃത്വത്തിലുള്ള സന്നദ്ധസംഘടന അടുത്തിടെ ചടങ്ങ് സംഘടിപ്പിച്ച് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന 50 പേര്‍ക്ക് ഉപഹാരം നല്‍കിയിരുന്നു.
പാതി ദിനം; ലഭിച്ചത് ഒരു കോടി 36 ലക്ഷം
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയാകേണ്ടതിന്റെ തലേദിവസം അര്‍ധരാത്രിയാണ് സാജന് കേച്ചേരി, വര്‍ഷയ്ക്ക് സഹായംതേടി വീഡിയോ റെക്കോഡ് ചെയ്തത്. പിറ്റേന്നു പുലര്‍ച്ചെ മൂന്നിന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. വൈകിട്ട് അഞ്ചിനു മുമ്പുതന്നെ അക്കൗണ്ടില്‍ വന്നു ചേര്‍ന്നത് ഒരു കോടി 36 ലക്ഷം.
ഇതോടെ വര്‍ഷ നിലപാടു മാറ്റിയെന്നും ചികിത്സയ്ക്കു ചെലവായതിന്റെ ബാക്കി തുക കരാര്‍ പ്രകാരം തിരിച്ചുനല്‍കാന്‍ തയാറായില്ലെന്നും സാജന് കേച്ചേരി പറയുന്നു. സാജനൊപ്പം ഓണ്‍ലൈന്‍ ചാരിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫിറോസ്, പി.എന്‍.എ. സലാം, സഹിര്‍ കെ. മൊയ്തീന് എന്നിവരെ പ്രതി ചേര്‍ത്താണ് വര്‍ഷ പോലീസില്‍ പരാതി നല്‍കിയത്. തുടരന്വേഷണത്തിനായി ഇന്നു ഹാജരാകാനാണ് ഇവര്‍ക്ക് എറണാകുളം ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയത്.
ഒഴിഞ്ഞുമാറി സര്‍ക്കാര്‍ സംവിധാനം
തിരുവില്വാമല സ്വദേശി വയോധികയായ ശാരദ കാന്‍സര്‍ രോഗിയായ ഭര്‍ത്താവിന് ചികിത്സാ സഹായം തേടിയാണ് ഇന്നലെ പഴയന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയുടെ ഓഫീസിലേക്കെത്തിയത്. വര്‍ഷങ്ങളായി ചികിത്സയിലാണെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ല. ആശുപത്രിയില്‍വച്ചു പരിചയപ്പെട്ടവര്‍ പറഞ്ഞതനുസരിച്ചാണ് ശാരദ സന്നദ്ധ സംഘടനയുടെ ഓഫീസിലെത്തിയത്.
സര്‍ക്കാര്‍ സംവിധാനം അവരുടെ കടമകളില്‍നിന്നു മാറിനില്‍ക്കുമ്പോഴാണ് ഓണ്‍ലൈന്‍ ചാരിറ്റി മാഫിയ പിടിമുറുക്കുന്നതെന്ന് പഴയന്നൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് ഹക്കിം പഴയന്നൂര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഇവരെ നിയന്ത്രിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണിചേരുന്ന മാഫിയ
ഏതാനും വര്‍ഷം മുമ്പാണ് തൃശൂര്‍ ജില്ലാ അതിര്‍ത്തി ഗ്രാമത്തിലെ യുവാവിനു കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി പണം കണ്ടെത്താന്‍ കലാഭവന്‍ മണിയുടെ ഗാനമേള നടത്തിയത്. കരള്‍ പകുത്ത് നല്കാന് ആരും തയാറാകാത്തതിനാല്‍ ശസ്ത്രക്രിയ നടന്നതുമില്ല. എന്നാല്‍, ഈ യുവാവ് ഇന്നും ആരോഗ്യത്തോടെ കഴിയുന്നു.
ഇത്തരം രോഗികളില്‍ എല്ലാവരേയും ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കണ്ടേവരല്ലെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നു. ജീവിത ശൈലിയുടെ മാറ്റത്തിലൂടെതന്നെ രോഗത്തെ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കും. ഇത്തരം ശ്രമങ്ങളൊന്നുമില്ലാതെ തന്നെ ആശുപത്രി അധികൃതര്‍ അവയവം മാറ്റിവയ്ക്കല്‍ മാത്രമാണ് പോംവഴിയെന്ന് കട്ടായം പറയും. ഇതോടെ അവയവദാന മാഫിയയും ഓണ്‍ലൈന്‍ ചാരിറ്റി മാഫിയയും ഉണരും. മാഫിയാ സംഘത്തിന് താല്‍പ്പര്യമുള്ള ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചാകും ലൈവ് വീഡിയോയും സഹായാഭ്യര്‍ഥനയും.






