
യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് റംസാന് കിറ്റ് വാങ്ങിയത് വിദേശനാണ്യ വിനിമയച്ചട്ടത്തിന്റെ ലംഘനമല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന് മറുപടിയുമായി മന്ത്രി കെ ടി ജലീല്‍. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് വാങ്ങിയത് സക്കാത്താണെന്നും വിദേശ സംഭാവനയല്ലെന്നും പറഞ്ഞു. സക്കാത്ത് സംഭാവനയോ സമ്മാനമോ അല്ല. അത് സ്നേഹവും ആദരവും വ്യക്തമാക്കുന്ന പുണ്യപ്രവൃത്തിയാണ്. യുഎഇ കോണ്‍സുലേറ്റിനോട് ആരും റംസാന് കിറ്റ് ചോദിച്ചിട്ടില്ല. ആരും ആവശ്യപ്പെട്ടിട്ടല്ല അവര്‍ ഇത് ചെയ്യുന്നതെന്നും പറഞ്ഞു.
വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളും ഇന്ത്യയിലെ വിദേശ എംബസികളും കോണ്‍സുലേറ്റുകളും പുതുവര്‍ഷത്തിലും ക്രിസ്മസിനും റംസാന് മധുരപലഹാരങ്ങളും മറ്റും പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് സാധാരണ കാര്യമാണ്. ഇതിലൊന്നും വിദേശനാണ്യ വിനിമയ ചട്ടങ്ങളുടെ ലംഘനം ആരും ആരോപിച്ചിട്ടില്ലെന്നും തുറന്ന കത്തില്‍ കെ ടി ജലീല്‍ പറഞ്ഞു. മന്ത്രി ജലീല്‍ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ബെന്നി ബഹനാന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ വിചിത്രമെന്നും ക്രൂരതയെന്നുമായിരുന്നു കെ ടി ജലീല്‍ വിമര്‍ശിച്ചത്.
കോണ്‍സുലേറ്റിനോട് ആവശ്യപ്പെട്ട് കിട്ടിയതോ അവര്‍ സംഭാവന നല്‍കുകയോ ചെയ്ത കാര്യമല്ല. 2020 മേയ് 27ന് കോണ്‍സല്‍ ജനറല്‍ ഇതുമായി ബന്ധപ്പെട്ട് വാട്സ് ആപ്പ് മെസേജ് അയയ്ക്കുകയാണ് ചെയ്തത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷുമായി ബന്ധപ്പെട്ടെന്ന വിവാദത്തില്‍ റംസാന് കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് കോണ്‍സല്‍ ജനറല്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് താന്‍ സ്വപ്നാ സുരേഷിനെ വിളിച്ചതെന്നായിരുന്നു നേരത്തേ നല്കിയ മറുപടി. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു മന്ത്രി ബെന്നി ബെഹന്നാന് തുറന്ന കത്തെഴുതിയത്.
‘‘അനര്‍ഹമായതൊന്നും ജീവിതത്തിലിതുവരെ ഒരാളില്‍ നിന്നും കൈ പറ്റിയിട്ടില്ല. അങ്ങിനെ കൈപ്പറ്റിയതായി എന്നെക്കുറിച്ച് പറയുന്ന ഏതെങ്കിലും ഒരാളെ കാണിച്ചു തരാന്‍ അങ്ങേക്കോ അങ്ങയുടെ അനുയായികളില്‍ ആര്‍ക്കെങ്കിലുമോ സാധിച്ചാല്‍ ആ നിമിഷം മുതല്‍ അങ്ങ് പറയുന്നത് ഞാന്‍ കേള്‍ക്കും. ഇതൊരു വെറും വാക്കല്ല. മനസ്സറിഞ്ഞുള്ള പറച്ചിലാണ്.’’ എന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങിനെ പോകുന്നു.:
ബെന്നിബെഹനന് ഒരു തുറന്ന കത്ത്
പ്രിയപ്പെട്ട ശ്രീ ബെന്നി ബെഹനൻ MP അവർകൾക്ക്,
താങ്കൾ ബഹുമാനപ്പെട്ട ഇൻഡ്യൻ പ്രധാനമന്ത്രിക്ക് ഞാൻ വിദേശ ഫണ്ട് സ്വീകരിച്ചു എന്ന ആക്ഷേപവും ആരോപണവും ഉന്നയിച്ച് കത്തയച്ച വിവരം വാർത്താ മാധ്യമങ്ങളിലൂടെ അറിയാൻ സാധിച്ചു. അതിൻ്റെ പശ്ചാത്തലത്തിൽ താഴേ പറയുന്ന വസ്തുതകളിലേക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിക്കാൻ വേണ്ടിയാണ് ഈ തുറന്ന കത്ത്.
ഒരു ജനപ്രതിനിധി എന്ന നിലയിലും ബഹുജന ബന്ധമുള്ള പൊതു പ്രവർത്തകൻ എന്ന നിലയിലും സർവോപരി UDF കൺവീനർ എന്ന നിലയിലും 'സക്കാത്ത്' എന്ന സൽകർമ്മത്തിൻ്റെ പുണ്യവും പ്രാധാന്യവും താങ്കൾക്ക് തീർച്ചയായും അറിയുമെന്നാണ് ഞാൻ കരുതുന്നത്. 'സക്കാത്ത് ' എന്നത് സംഭാവനയോ സമ്മാനമോ അല്ല. മറിച്ച് സഹജീവികളോടുള്ള സ്നേഹത്തിൻ്റേയും ആദരവിൻ്റേയും ആഴം വെളിവാക്കുന്ന ഒരു പുണ്യ കർമ്മമാണ്. ഇക്കഴിഞ്ഞ വിശുദ്ധ റമളാൻ മാസത്തിൽ മുൻവർഷങ്ങളിലേതെന്ന പോലെ UAE കോൺസുലേറ്റ് 'സഹായം' നൽകുന്നതിൻ്റെ ഭാഗമായി അർഹരായ കുറേ പാവപ്പെട്ട കുടുംബങ്ങൾക്ക് കക്ഷിയോ രാഷ്ട്രീയമോ മതമോ ജാതിയോ നോക്കാതെ നൽകിയ പുണ്യത്തിൻ്റെ അംശത്തെയാണ് താങ്കൾ വിദേശ ഫണ്ടിൻ്റെ വിനിമയമെന്നും സംഭാവന സ്വീകരിക്കലെന്നും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ വിശേഷിപ്പിച്ചത്.
വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ എംബസികളും ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ എംബസികളും കോൺസുലേറ്ററുകളും ദീപാവലിക്കും പുതുവർഷാരംഭങ്ങളിലും ക്രിസ്തുമസിനും റംസാനോടനുബന്ധിച്ചും അതാത് രാജ്യങ്ങളിലെ പ്രധാനികൾക്കും പാവപ്പെട്ടവർക്കും ദേശാഭാഷ വിശ്വാസ വ്യത്യാസമില്ലാതെ മധുരപലഹാര പാക്കറ്റുകളും കേക്ക്ബോക്സുളും കാലാകാലങ്ങളായി നൽകി വരുന്നത് അങ്ങേക്കും അറിവുള്ളതാണല്ലോ? ഇതൊന്നും ഇതുവരെ വിവിധ രാജ്യങ്ങളിൽ നിലനിൽക്കുന്ന വിദേശനാണ്യ വിനിമയ നിയമങ്ങളുടെ ലംഘനമാണെന്ന് ആക്ഷേപിക്കപ്പെട്ടത് ആരും കേട്ടിട്ടുണ്ടാവില്ല. ലോക രാജ്യങ്ങളും ജനസമൂഹങ്ങളും പുലർത്തുന്ന സൗഹാർദ്ദത്തിൻ്റെയും ആത്മാർത്ഥമായ അടുപ്പത്തിൻ്റെയും പ്രതിഫലനമായിട്ടല്ലേ ഇത്തരം സ്നേഹ പ്രകടനങ്ങളെ ഇന്നോളം എല്ലാവരും കണ്ടിട്ടുള്ളൂ.
അങ്ങ് ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കയച്ച കത്തിൽ സൂചിപ്പിച്ചത് പോലെ ഇൻഡ്യൻ കറൻസിയോ വിദേശ കറൻസിയോ ഒരു രൂപാ നോട്ടിൻ്റെ രൂപത്തിൽ പോലും ഞാനോ ഇതുവഴി മറ്റാരെങ്കിലുമോ സ്വീകരിച്ചിട്ടില്ല. താങ്കൾ കത്തിൽ പരാമർശിക്കുന്ന പ്രകാരം ഞാൻ ആവശ്യപ്പെട്ടിട്ടല്ല UAE കോൺസുലേറ്റ് റംസാൻ ഭക്ഷണക്കിറ്റുകൾ നൽകിയത്. 2020 മെയ് 27 ന് കോൺസൽ ജനറൽ ഇതു സംബന്ധമായി എനിക്ക് വാട്സ്അപ് സന്ദേശം അയക്കുകയാണ് ഉണ്ടായത്. അതിപ്പോഴും ഡിലീറ്റ് ചെയ്യപ്പെടാതെ എൻ്റെ ഫോണിൽ കിടപ്പുണ്ട്. എപ്പോഴെങ്കിലും നേരിൽ കാണാൻ ഇടവന്നാൽ അങ്ങേക്കത് കാണിച്ചുതരാം. ഇക്കാര്യം പരസ്യമായി ഞാൻ പറഞ്ഞിട്ടുള്ളതുമാണ്.
താങ്കളുടെ കത്തിൽ പറയുന്ന നിയമത്തിൽ അനുശാസിക്കും പ്രകാരമുള്ള ഏതെങ്കിലും സംഭാവനയോ (Contribution ), 25000/- രൂപക്ക് മേൽ മതിപ്പുള്ള സമ്മാനമോ (Gift) പോലുമല്ല 'സക്കാത്ത്' എന്ന് അങ്ങയെ ഓർമ്മിപ്പിക്കേണ്ടി വരുന്നതിൽ എനിക്ക് ദു:ഖമുണ്ട്. സംഭാവനക്കോ സമ്മാനത്തിനോ ഒരു പാട് മുകളിൽ നിൽക്കുന്ന 'സക്കാത്ത്' എന്ന സൽകർമ്മത്തിൻ്റെ പുണ്യം എന്ത് രാഷ്ട്രീയ കാരണങ്ങളാലാണെങ്കിലും അങ്ങയെപ്പോലെ ഒരാൾ ദുർവ്യാഖ്യാനം ചെയ്യരുതായിരുന്നു. ഒരു മഹാമാരി ലോകമെങ്ങും സൃഷ്ടിച്ച സാമ്പത്തിക പ്രയാസത്തിൻ്റെ കാലത്ത് UAE കോൺസുലേറ്റിൻ്റെ സക്കാത്ത് സഹായം സ്വീകരിച്ച നിർധനരായ ആയിരത്തിലധികം കുടുംബങ്ങൾക്കും 'സക്കാത്തി'ൻ്റെ മഹത്വമറിയുന്ന മുഴുവൻ മനുഷ്യർക്കും അങ്ങയുടെ ആക്ഷേപം ഉണ്ടാക്കിയ മനോവേദനയും വിഷമവും എത്രയായിരിക്കുമെന്ന് സമയം കിട്ടുമ്പോൾ താങ്കൾ ആലോചിക്കുന്നത് നന്നാകും.
ജീവിതത്തിലിന്നുവരെ ഏതെങ്കിലും തരത്തിലുള്ള വിദേശ സംഭാവനയോ നയതന്ത്രപ്രതിനിധികളിൽ നിന്നുള്ള സമ്മാനമോ ഞാൻ സ്വീകരിച്ചിട്ടില്ല. എൻ്റെ ബാങ്ക് അക്കൗണ്ടും എൻ്റെയും കുടുംബത്തിൻ്റെയും സമ്പാദ്യവും ഞങ്ങളുടെ വീടും അവിടെയുള്ള വീട്ടുപകരണങ്ങളുടെ മൂല്യവും എൻ്റെ നാട്ടുകാരായ UDF പ്രവർത്തകരോട് അന്വേഷിക്കാൻ പറഞ്ഞാൽ അങ്ങേക്കും അത് ബോദ്ധ്യമാകും. അനർഹമായതൊന്നും ജീവിതത്തിലിതുവരെ ഒരാളിൽ നിന്നും കൈ പറ്റിയിട്ടില്ല. അങ്ങിനെ കൈപ്പറ്റിയതായി എന്നെക്കുറിച്ച് പറയുന്ന ഏതെങ്കിലും ഒരാളെ കാണിച്ചു തരാൻ അങ്ങേക്കോ അങ്ങയുടെ അനുയായികളിൽ ആർക്കെങ്കിലുമോ സാധിച്ചാൽ ആ നിമിഷം മുതൽ അങ്ങ് പറയുന്നത് ഞാൻ കേൾക്കും. ഇതൊരു വെറും വാക്കല്ല. മനസ്സറിഞ്ഞുള്ള പറച്ചിലാണ്. 2019 ൽ UAE കോൺസുലേറ്റ് സംഘടിപ്പിച്ച റംസാൻ കിറ്റ് വിതരണ ചടങ്ങിൽ ഈയുള്ളവൻ ക്ഷണിക്കപ്പട്ടിരുന്നു. അതിൻ്റെ ഫോട്ടോ കോൺസുലേറ്റ് തന്നെ അവരുടെ സൈറ്റിൽ അന്ന് പ്രസിദ്ധപ്പെടുത്തിയത് അങ്ങയുടെ ഓർമ്മയിലേക്കായി ഇവിടെ ഇമേജായി ചേർക്കുന്നു.
നൻമകൾ നേർന്ന്കൊണ്ട്
സ്നേഹപൂർവ്വം
കെ.ടി. ജലീൽ






