
ആലപ്പുഴ: മൈക്രോ ഫിനാൻസ് തട്ടിപ്പുകേസിൽ മാവേലിക്കര എസ്.എൻ.ഡി.പി യൂണിയൻ മുൻ പ്രസിഡൻ്റ് സുഭാഷ് വാസു, സെക്രട്ടറി സുരേഷ് ബാബു എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസിൽ ആറ് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിർണ്ണായക വിവരങ്ങൾ ലഭിച്ചെന്ന് സൂചന.
12 കോടിയുടെ തട്ടിപ്പു കേസാണ് ഇവർക്കെതിരെയുള്ളത്. പല തവണ നോട്ടീസ് നൽകിയിട്ടും ഇരുവരും ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരായിരുന്നില്ല. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി.പ്രശാന്തൻ കാണി സുഭാഷ് വാസുവിനെയും, സുരേഷ് ബാബുവിനെയും ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.
നോട്ടു നിരോധന സമയത്ത് മാവേലിക്കര യൂണിയന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചതായും പരാതിയുണ്ട്.
യൂണിയനിലെ 10 വർഷത്തെ സാമ്പത്തിക തിരിമറികളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. കേസിൽ ഏഴു പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസിൽ 6 മണിക്കൂർ ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. ഇരുവർക്കും വ്യവസ്ഥകളോടെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇവരുടെ പാസ്പോർട്ട് കണ്ട് കെട്ടിയിട്ടുണ്ട്. ഇവരിൽ നിന്ന് നിർണ്ണായക തെളിവുകൾ
ലഭിച്ചെന്നാണ് സൂചന. അന്വേഷണം തുടരുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. സത്യം തെളിയുമെന്ന് സുഭാഷ് വാസുവും പറഞ്ഞു.






