
ബോളിവുഡ് നിര്‍മ്മാതാവ് വിധു വിനോദ് ചോപ്ര തനിക്ക് ദ്രോഹം ചെയ്തുവെന്നും ആത്മഹത്യയുടെ വക്കില്‍ എത്തുകയും ചെയ്തുവെന്നും എഴുതത്ുകാരനും കോളമിസ്റ്റുമായ ചേതന്‍ ഭഗത്ത്. നേരത്തെ അന്തരിച്ച നടന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ അവസാന സിനിമയെ കുറിച്ച് മോശം എഴുതരുതെന്ന് ചേതന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതില്‍ കമന്റുമായി ഫിലിം കംപാനിയന് ഫൗണ്ടര്‍ എഡിറ്ററും വിധു വിനോദ് ചോപ്രയുടെ ഭാര്യയുമായ അനുപമ ചോപ്ര എത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ചേതന്‍ ഭഗത്ത്.
ചേതന്‍ ഭഗത്തിന്റെ ഫൈവ് പോയിന്റ് സംവണ്‍ എന്ന നോവലിനെ ആധാരമാക്കിയുള്ളതാണ് 2009ല്‍ രാജ്കുമാര് ഹിരാനിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മെഗാഹിറ്റ് ചിത്രം ത്രീ ഇഡിയറ്റ്സ്. വിധു വിനോദ് ചോപ്രയായിരുന്നു ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിന്റെ കഥയുടെ ക്രെഡിറ്റ്സുമായി ബന്ധപ്പെട്ട് മോശം പെരുമാറ്റമാണ് വിധു വിനോദ് ചോപ്രയില്‍ നിന്ന് താന്‍ നേരിട്ടതെന്ന് ചേതന്‍ ഭഗത്ത് പറയുന്നു. തന്റെ കഥ എന്നാണ് വിധു വിനോദ് ചോപ്ര അവകാശപ്പെട്ടത്.
മാഡം, നിങ്ങളുടെ ഭര്‍ത്താവ് എന്നെ പരസ്യമായി ചീത്ത വിളിച്ചു. ഒരു ലജ്ജയുമില്ലാതെ മികച്ച കഥയ്ക്കുള്ള അവാര്‍ഡ് വാങ്ങി. എന്റെ കഥയാണെന്നുള്ള കാര്യം അംഗീകരിച്ചില്ല. എന്നെ ആത്മഹത്യയുടെ അടുത്തെത്തിച്ചു. നിങ്ങള്‍ ഒന്നും മിണ്ടിയില്ല. അന്ന് എവിടെപ്പോയിരുന്നു നിങ്ങളുടെ സംവാദം ചേതന്‍ ഭഗത്ത് ചോദിക്കുന്നു.
സുശാന്ത് സിംഗ് രാജ്പുത്തിന്റെ അവസാന സിനിമയായ ദില്‍ ബേച്ചാരാ സിനിമയെക്കുറിച്ച് ചേതന്‍ ഭഗത്ത് ഇട്ട ട്വീറ്റാണ് അനുപമ ചോപ്രയുമായുള്ള പോരിലേയ്ക്ക് നീങ്ങിയത്. യുക്തിസഹമായി, യാഥാര്‍ത്ഥ്യബോധത്തോടെ സിനിമയെക്കുറിച്ചെഴുതൂ. അതിസാമര്‍ത്ഥ്യം കാണിക്കരുത്, വായില്‍തോന്നിയത് എഴുതരുത്. നിങ്ങളുടെ വൃത്തികെട്ട ട്രിക്കുകള്‍ കാണിക്കരുത്. നിങ്ങള്‍ കുറേ ജീവിതങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്. ഇനി അവസാനിപ്പിക്കൂ. ഞങ്ങള്‍ കാണുന്നുണ്ട് എന്നായിരുന്നു ചേതന്റെ ട്വീറ്റ്.
ഇതിന് മറുപടിയായി സംവാദത്തിന് തരംതാഴാനാവില്ലെന്ന് നിങ്ങള്‍ വിചാരിക്കുമ്പോളെല്ലാം അത് താഴുന്നു എന്ന് അനുപമ ചോപ്ര കമന്റ് ചെയ്തിരുന്നു. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി രാജീവ് മസന്ദ് മൊഴി നല്‍കിയിരുന്നു.






