
വട്ടിയൂര്‍ക്കാവ്: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന്റെ പരിശോധന തുടരുന്നു. യു.എ.ഇ കോണ്‍സുലേറ്റ് ജറലിന്റെ ഗണ്മാന് ആയിരുന്ന ജയഘോഷിന്റെ വീട്ടിലാണ് പരിശോധന. ഇദ്ദേഹത്തിന്റെ വട്ടിയൂര്‍ക്കാവില്‍ പൂട്ടിക്കിടന്ന വീട്ടിലാണ് പരിശോധന. തുമ്പയിലെ വീട്ടിലായിരുന്ന ജയഘോഷിനെ കസ്റ്റംസ് സംഘം കൂട്ടിക്കൊണ്ടുവന്നാണ് വീട് തുറപ്പിച്ചത്.
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം തന്നിലേക്ക് എത്തുന്നുവെന്ന കണ്ടതോടെ ജയഘോഷ് തനിക്ക് വധഭീഷണിയുണ്ടെന്ന് പറഞ്ഞിരുന്നു. എ.ആര് ക്യാംപിലെ പോലീസ് എത്തി ഇയാളില്‍ നിന്ന് തോക്ക് തിരിച്ചുവാങ്ങുകയും ചെയ്തിരുന്നൂ. തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് കാണാതായ ജയഘോഷിനെ സമീപത്തുള്ള കുറ്റിക്കാടിനു സമീപം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയഘോഷ് ഇന്നലെ വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനിടെ ഡിജിപിയുടെ നിര്‍ദേശപ്രകാരം അന്വേഷണ വിധേയമായി ജയഘോഷിനെ സസ്പെന്റു ചെയ്തിരുന്നു.






