
തിരുവനന്തപുരം: കേരളത്തില്‍ തിരികെയെത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് 14 ദിവസം നിര്‍ബന്ധിത ക്വാറന്റീന്. അതിഥി തൊഴിലാളികള്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെത്തുന്ന എല്ലാ അതിഥി തൊഴിലാളികള്‍ക്കും കോവിഡ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തും. ഇതില്‍ രോഗബാധ സ്ഥിരീകരിക്കുന്നവരെ അവരുടെ ആരോഗ്യ സ്ഥിതി അനുസരിച്ച് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്കോ കോവിഡ് ആശുപത്രികളിലേക്കോ മാറ്റും. ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവാണെങ്കിലും 14 ദിവസം നിര്‍ബന്ധിത ക്വാന്റീന് ആണ്.
ഓരോരുത്തര്‍ക്കും ശുചിമുറി അടക്കമുള്ള ഓരോ മുറിയും തൊഴിലുടമകള്‍ സജ്ജമാക്കണമെന്നും നിര്‍ദേശമുണ്ട്. അതിഥി തൊഴിലാളികളൂടെ കൂടിച്ചേരലുകളും സാമൂഹിക സമ്പര്‍ക്കവും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം സ്വയം തിരികെയെത്തുന്ന അതിഥി തൊഴിലാളികള്‍ കേരളത്തിലെത്തിയാലുടന്‍ ദിശ നമ്പരായ 1056, 0471 2552056 ല്‍ വിളിച്ച് ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം.






