തൃശൂര്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷന് അടച്ചു. ഫയര്‍ സ്റ്റേഷനിലെ 36 ജീവനക്കാരില്‍ 15 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഇരിങ്ങാലക്കുടയിലെ ജോലികള്‍ പുതുക്കാട്, ചാലക്കുടി ഫയര്‍ സ്റ്റേഷനുകള്‍ നിര്‍വഹിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
രോഗവ്യാപനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട നഗരസഭയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണം ഉയര്‍ന്ന സാഹചര്യത്തില്‍ സമീപ പ്രദേശമായ മൂരിയാട് പഞ്ചായത്തിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതല്‍ രണ്ടിടങ്ങളിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും.
ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം വന്‍ തോതില്‍ ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കടുപ്പിച്ചത്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ദീര്‍ഘദൂര ബസുകള്‍ ഒഴികെ ഒരു വാഹനവും അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. തൃശൂര്‍ മാര്‍ക്കറ്റിലും നിയന്ത്രണം തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.






