
ന്യുഡല്‍ഹി: കൂടുതല്‍ ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. 275 ആപ്പുകള്‍ നിരോധിക്കുമെന്നാണ് സൂചന. നേരത്തെ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായതോടെ കഴിഞ്ഞമാസം ടിക്ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു. ദേശീയ സുരക്ഷയ്ക്കു ഭീഷണിയും സ്വകാര്യത നിയമങ്ങള്‍ ലംഘിച്ചുവെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് കടുത്ത നടപടിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടക്കുന്നത്.
പ്രമുഖ ഗെയിമുകളായ പബ്ജി മൊബൈല്‍, ലുഡോ വേള്‍ഡ്, ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ അലി എക്സ്പ്രസ് എന്നിവയും രണ്ടാംഘട്ട നിരോധനത്തില്‍ ഉള്‍പ്പെടുന്നു. ചൈനയില്‍ രജിസ്റ്റര്‍ ചെയ്യുന്നതോ ഉടമസ്ഥതയിലുള്ളതോ ആയ എല്ലാ ടെക് കമ്പനികളും 2017ലെ ചൈനീസ് നാഷണല്‍ ഇന്റലിജന്‍സ് നിയമം ബാധകമാണ്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഈ കമ്പനിയുടെ കൈവശമുള്ള എല്ലാ വിവരങ്ങളും നല്കാന് ബാധ്യസ്ഥരാണ്. ഇതാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ആശങ്കയിലാക്കുന്നത്.
ചൈനീസ് ടെക് ഭീമനായ ടെന്‍സെന്റിന് ഭാഗികമായി പങ്കാളിത്തമുള്ളതാണ് പബ്ജി. അലിബാബയുടെതാണ് അലി എക്സ്പ്രസ്, ഷവമി ഫോണ്‍ നിര്‍മ്മാതാക്കളുടെ ആപ് ആണ് സില്ലി. ബിറ്റെഡാന്സിന്റെ മ്യൂസിക് ആപ് ആയ റെസ്സോ, മെയ്ടൂ, എല്‍ബിഇ ടെക്സ്, ഫെര്‍ഫെക്ട് കോര്‍പ്, സിന കോര്‍പ്, നെടീസ ഗെയിം, യാസൂ ഗ്ലോബല്‍ എന്നിവയെല്ലാം ചൈനീസ് കമ്പനികളോ ചൈനയുമായി ബന്ധമുള്ളവയോ ആണ്.






