
കോതമംഗലം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത ഇതുവരെയും അവസാനിച്ചിട്ടില്ല. ഏറ്റവും ഒടുവിലായി സ്വര്‍ണക്കടത്ത് കേസ് കൂടി ഉണ്ടായതോടെ ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നേരത്തെ രംഗത്ത് എത്തിയ കലാഭവന്‍ സോബി വീണ്ടും രംഗത്ത് എത്തുകയും ചെയ്തിരുന്നു. വെളിപ്പെടുത്തലിന്റെ പേരില്‍ തനിക്കെതിരെ വധഭീഷണി ഉണ്ടെന്ന് നേരത്തെ തന്നെ കലാഭവന്‍ സോബി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ വീണ്ടും ആരോപണം ഉന്നയിച്ച് അദ്ദേഹം രംഗത്ത് എത്തിയിരിക്കുകയാണ്.
മാധ്യമപ്രവര്‍ത്തകരുടെ അറിവിലേക്ക് ‘യാത്രാമൊഴി’ എന്ന തലക്കെട്ടോടു കൂടിയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. എന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു, പറയാന്‍ ബാക്കിയുള്ള കാര്യങ്ങളെല്ലാം തന്നെ വീഡിയോ രൂപത്തില്‍ റെക്കോര്‍ഡ് ചെയ്ത് ബാലഭാസ്കറിന്റെ കസിന് സിസ്റ്റര്‍ പ്രിയ വേണുഗോപാലിനെയും എന്റെ അഭിഭാഷകന് രാമന് കര്‍ത്താ സാറിനെയും ഏല്‍പ്പിച്ചിട്ടുണ്ടെന്നാണ് കലാഭവന്‍ സോബി വ്യക്തമാക്കിയിരിക്കുന്നത്. എന്നെക്കൊണ്ട് ശത്രുപക്ഷം മൊഴി നല്‍കിക്കില്ല എന്ന് ഉറപ്പുണ്ടെന്നും ഈ സാഹചര്യത്തിലാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറച്ച് വീഴ്ചകള്‍ പലകാര്യങ്ങളിലും എനിക്ക് ജീവിതത്തില്‍ പറ്റിയിട്ടുണ്ട്. എങ്കിലും അതില്‍ കൂടുതല്‍ ചെയ്യാത്ത കുറ്റങ്ങള്‍ കുറച്ചുപേര്‍ എന്നില്‍ ചാര്‍ത്തി തരുകയാണ് ചെയ്തത്. ഇതിനെ പ്രതിരോധിക്കാന്‍ പേടി ഉണ്ടായിട്ടല്ല പ്രതികരിക്കാത്തത്. എന്നോടുകൂടി മണ്ണടിയേണ്ട കുറച്ച് കാര്യങ്ങള്‍ എന്നെ ഏല്‍പ്പിച്ചിട്ടാണ് ആബേലച്ചന് പോയത്. എന്റെ വളര്ത്തച്ഛന് കൂടിയായ ആബേലച്ചന്റെ വാക്ക് പാലിക്കുന്നു എന്നെ ഉള്ളു.
ബാലുവിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് അടിസ്ഥാനമില്ല എന്ന് പറഞ്ഞ് ഒരു കോമാളിയുടെ വേഷം കെട്ടിച്ചു. ഇതില്‍ മുഖ്യ പങ്ക് വഹിച്ചത് ഇസ്രയേലില്‍ ജോലിചെയ്യുന്ന കോതമംഗലം സ്വദേശിയാണെന്നും ഇവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തി വച്ചിട്ടുണ്ടെന്നും സോബി അറിയിപ്പില്‍ പറയുന്നു. ഒരു കോമാളിയായിട്ടാണ് മടങ്ങുന്നതെങ്കിലും ഇന്ത്യ കണ്ട ഏറ്റവും ആസുത്രിതമായ കൊലപാതകമായിരുന്നു ബാലുവിന്റെതെന്ന് ചരിത്രം തെളിയിക്കുമെന്നും ഈയവസരത്തില്‍ താന്‍ പറഞ്ഞ കാര്യം ആരും മറക്കരുതെ എന്നും സോബി അഭ്യർത്ഥിക്കുന്നു.






