
മലയാളികളെയും പ്രവാസ ലോകത്തെയും ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് മെറിന്‍ ജോയിയുടെ മരണം. കോറല്‍ സ്പ്രിങ്‌സ് ആശുപത്രിയിലെ മെറിന്റെ അവസാന ദിനമായിരുന്നു ഇന്നലെ. സഹപ്രവര്‍ത്തകരോട് യാത്രപറഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ഭര്‍ത്താവ് ഫിലിപ് മാത്യു(നെവിന്‍) മെറിനെ ദാരുണമായി കൊലപ്പെടുത്തിയത്. 17 പ്രാവശ്യം കുത്തിയ ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തുകയായിരുന്നു.
നെവിനുമായുള്ള ബന്ധത്തില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടിയാണു മെറിന്‍ താമ്പയിലേക്കു മാറാന്‍ തീരുമാനിച്ചതെന്നു ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്ത് പറഞ്ഞു. 'ഞങ്ങള്‍ക്കിത് വിശ്വാസിക്കാനാകുന്നില്ല. അവള്‍ ഒരു മാലാഖയായിരുന്നു. രണ്ട് വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു ജോലി ചെയ്യുന്നു. കുത്തിവീഴ്ത്തിയശേഷം ഞങ്ങളുടെ കണ്‍മുന്നിലാണ് അവളുടെ മുകളിലൂടെ അയാള്‍ കറുത്ത കാര്‍ ഓടിച്ചുകയറ്റിയത്. പാര്‍ക്കിങ് ലോട്ടില്‍ അവളുടെ രക്തം ചിതറിത്തെറിച്ചു. രക്തത്തില്‍ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും എനിക്കൊരു കുഞ്ഞുണ്ടെന്നാണ് അവള്‍ അലറിക്കരഞ്ഞത്. നിലവിളി കേട്ട് ഞങ്ങള്‍ ഓടിചെല്ലുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു',- മെറിന്റെ സഹപ്രവര്‍ത്തക പറഞ്ഞു.
കൊലപാതക ശേഷം ഹോട്ടലില്‍ തിരികെ എത്തി സ്വയം മുറിവേല്‍പ്പിച്ച് നെവിന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇതിനിടെ പോലീസ് സ്ഥലത്തെത്തി നെവിനെ അറസ്റ്റ് ചെയ്തു. ഡിസംബറില്‍ നാട്ടില്‍ എത്തിയപ്പോള്‍ മെറിനും നെവിനും തമ്മില്‍ വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് നെവിന്‍ ഒറ്റക്ക് അമേരിക്കയിലേക്ക് പോന്നും. രണ്ട് വയസുകാരി മകളെ മാതാപിതാക്കളെ ഏല്‍പ്പിച്ച് മെറിനും ജോലിയില്‍ തിരികെ എത്തി. പുതിയ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് മെറിനെ നെവിന്‍ കൊലപ്പെടുത്തിയത്.






