
ഹാരി രാജകുമാരനും മേഗന് മാര്‍ക്കലും തമ്മിലുള്ള രാജകീയ വിവാഹത്തിന് രാജകുടുംബത്തിന് താല്പര്യം ഉണ്ടായിരുന്നില്ലെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഫൈന്‍ഡിങ് ഫ്രീഡം എന്ന പുസ്തകത്തിലാണ് രാജകുടുംബത്തില്‍ വീണ്ടും സംഘര്‍ഷം സൃഷ്ടിക്കാന്‍ ശേഷിയുള്ള വെളിപ്പെടുത്തലുകളുള്ളത്. 'പ്രണയിക്കുന്നതൊക്കെ കൊള്ളാം. പക്ഷേ, ആ അമേരിക്കക്കാരിയെ കുറച്ചു ശ്രദ്ധിക്കുന്നതാണു നല്ലത്. അവരുടെ ഉദ്ദേശ്യങ്ങള്‍ നല്ലതാണോയെന്ന് ഒന്നുകൂടി നോക്കുക'.ഹാരി രാജകുമാരന് സഹോദരന് വില്യം രാജകുമാരന് നല്കിയ ഉപദേശമാണ് ഇതെന്നാണ് പുസ്തകത്തില്‍ പറയുന്നത്.
രാജകുമാരന്മാരുടെ ജീവചരിത്രം പറയുന്ന പുസ്തകം പത്രങ്ങളിലൂടെ ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്. അമേരിക്കന്‍ നടിയും മോഡലുമായ മേഗന് മാര്‍ക്കിളുമായി ഹാരി അടുപ്പത്തിലായിരുന്ന കാലത്താണ് അദ്ദേഹത്തിന് സഹോദരന് ഉപദേശം കൊടുത്തതെന്നാണ് പുസ്തകത്തില്‍ പറയുന്നത്. സഹോദരന്റെ വാക്കുകള്‍ ഹാരിയെ മുറിവേല്പിക്കുകയും ചെയ്തെന്നും പരമാവധി സമയമെടുത്തുമാത്രമേ ആ അമേരിക്കകാരിയെ അടുപ്പിക്കാവൂ എന്നും ഹാരിയെ സഹോദരന് ഉപദേശിച്ചെന്നും പുസ്തകത്തില്‍ പറയുന്നു. ഈ ബന്ധത്തിന്റെ ആവശ്യമുണ്ടെന്നു നിനക്കു തോന്നുന്നുണ്ടോ. ഇത്ര വേഗത്തില്‍ വേണമായിരുന്നോ ഈ ബന്ധം. നന്നായി അറിഞ്ഞതിനു ശേഷം മാത്രം മതി ആ പെണ്‍കുട്ടിയുമായി ബന്ധമുണ്ടാക്കാന്‍ എന്നും അദ്ദേഹം ഹാരിയെ സ്നേഹപൂര്‍വം ഉപദേശിച്ചെന്നാണ് പുസ്തകം പറയുന്നത്.
എന്നാല്‍ ഹാരിയും മേഗനും പുസ്തകത്തിന്റെ പ്രസിദ്ധീകരണകാര്യങ്ങളില് നിന്ന് അകന്നുനില്‍ക്കുകയാണ്. തങ്ങളോടു ചോദിച്ചിട്ടോ തങ്ങളെ അഭിമുഖം നടത്തിയിട്ടോ അല്ല പുസ്തകം എഴുതിയതെന്നും തങ്ങള്‍ക്ക് പുസ്തകത്തിലെ ഒരു വിവരത്തിലും ഒരു ബന്ധവുമില്ലെന്നും കൂടി അവര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഭാര്യക്കും ഒരുവയസ്സുകാരനായ മകന് ആര്‍ച്ചിക്കുമൊപ്പം ഹാരി ലോസ്ആഞ്ജിലിസിലാണ് ഇപ്പോള്‍ താമസിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് ബ്രട്ടിഷ് രാജകുടുംബവുമായി ബന്ധപ്പെട്ട പദവികള്‍ ത്യജിക്കാന്‍ ഇരുവരും തീരുമാനിച്ചത്.






