
ന്യുഡല്‍ഹി: കൊവിഡ് 19 രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയ്ക്കും കനത്ത തിരിച്ചടിയായി. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസ പാദത്തില്‍ മാരുതി സുസുക്കിയുടെ വരുമാനത്തില്‍ 249 കോടി രൂപയുടെ നഷ്ടം.
2019-20 സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ 1436 കോടി രൂപയുടെ അറ്റലാഭമാണ് കൈവരിച്ചത്. മാര്‍ച്ചില്‍ അവസാനിച്ച അവസാനപാദത്തില്‍ 1292 കോടിയായിരുന്നു അറ്റലാഭം. ഇതിനു പിന്നാലെ രാജ്യം കൊവിഡിന്റെ പിടിയിലാവുകയും ലോക്ഡൗണിലേക്ക് പോകുകയും ചെയ്തതോടെ ഉത്പാദനവും വില്‍പ്പനയും ഗണ്യമായി കുറഞ്ഞു.
2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 4107 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. അതേസമയം, 2020 ആദ്യപാദത്തില്‍ 19,720 കോടി രൂപയുടെയും അവസാന പാദത്തില്‍ 18,199 കോടി രൂപയുടെയും വില്‍പ്പന നടന്നിരുന്നു. ഈ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 76,599 വാഹനങ്ങളാണ് വിറ്റത്. 67,027 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയിലും 9,572 യൂണിറ്റ് വിദേശത്തും വിറ്റു.
ലോക്ഡൗണില്‍ അടച്ചിട്ട യൂണിറ്റുകള്‍ മേയ് മാസത്തിലാണ് തുറന്ന് പ്രവര്‍ത്തനം തുടങ്ങിയത്. ജീവനക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഉപഭോക്താക്കളുടെ ക്ഷേമത്തിനുമാണ് കമ്പനി മുന്‍തൂക്കം നല്‍കിയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. ഈ കാലയളവില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന ഉത്പാദനം മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.






