
ബാള്‍ട്ടിമോര്‍: ബിയര്‍ കഴിച്ച ശേഷം കുഞ്ഞിനൊപ്പം കിടന്നുറങ്ങിയ അമ്മയുടെ അടിയില്‍ പെട്ട് പിഞ്ചുകുഞ്ഞ് മരിച്ചസംഭവത്തില്‍ അമ്മ കുറ്റക്കാരിയല്ലെന്ന് മെരിലാന്‍ഡ് ഹൈക്കോടതി. ബാള്‍ട്ടിമോറിലെ മ്യൂരിയല്‍ മോറിസണ്‍ എന്ന യുവതിയെയാണ് കോടതി കുറ്റവിമുക്തയാക്കിയത്.
മദ്യപിച്ചുകൊണ്ട് കുഞ്ഞിനൊപ്പം കിടന്നുറങ്ങിയത് കുട്ടിയുടെ ജീവന് വെല്ലുവിളി ഉയര്‍ത്തി എന്നായിരുന്നു പ്രോസിക്യൂട്ടര്‍മാരുടെ വാദം. 2013ല്‍ നടന്ന സംഭവത്തിലാണ് ഇപ്പോള്‍ മ്യൂരിയലിനെ കോടതി വെറുതെ വിട്ടത്.
2016ല്‍ നടന്ന വിചാരണയില്‍ താന്‍ 12 ഔണ്‍സ് ബിയറും, 40 ഔണ്‍സ് മദ്യവും കഴിച്ചതായി മ്യൂരിയല്‍ സമ്മതിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ നാലുവയസ്സുണ്ടായിരുന്ന മ്യൂരിയലിന്റെ മൂത്തകുട്ടി ഉറക്കത്തില്‍ അമ്മ സഹോദരിയുടെ മുകളിലൂടെ ഉരുണ്ടുവെന്നും ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഗാഢമായ നിദ്രയിലായിരുന്നതിനാല്‍ അമ്മ അറിഞ്ഞില്ലെന്നും മൊഴിനല്‍കിയിരുന്നു.
തുടര്‍ന്ന്, ഇവരുടെ 20 വര്‍ഷത്തെ ശിക്ഷ റദ്ദാക്കുകയുമായിരുന്നു. കുഞ്ഞിനൊപ്പം കിടന്നുറങ്ങുന്നത് തെറ്റാണെന്ന് പറയാനാകില്ലെന്നും മ്യൂരിയലിന്റെ ശ്രദ്ധക്കുറവിന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇവരെ കുറ്റവിമുക്തയാക്കിയത്.






