
അന്ന ബെന്‍ നായികയായ മലയാളം ത്രില്ലര്‍ ചിത്രം ബോളിവുഡിലേക്ക്. പ്രമുഖ നിര്‍മ്മാതാവ് ബോണി കപൂറാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. ബോണി കപൂറിന്റെ മകളും നടിയുമായ ജാന്‍വി കപൂര്‍ ആയിരിക്കും ചിത്രത്തിലെ നായിക. ഇംഗ്ലീഷ് എന്റര്ടെയ്ന്മെന്റ് വെബ്സൈറ്റ് ആയ പിങ്ക് വില്ലയാണ് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.
2018ല്‍ പുറത്തെത്തിയ ധഡക് എന്ന ചിത്രത്തിലൂടെയാണ് ബോണി കപൂറിന്റെയും ശ്രീദേവിയുടെയും മകളായ ജാന്‍വി കപൂര്‍ ബോളിവുഡില്‍ അരങ്ങേറുന്നത്. ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ഒരു ചിത്രത്തിലൂടെയാവും ജാന്‍വിയുടെ അരങ്ങേറ്റമെന്ന് ബോളിവുഡ് വൃത്തങ്ങളില്‍ സംസാരമുണ്ടായിരുന്നുവെങ്കിലും ധഡകിന്റെ നിര്‍മ്മാണം കരണ്‍ ജോഹര്‍ ആയിരുന്നു. എന്നാല്‍ ജാന്‍വി നായികയാവുന്ന 'ദി ബോംബെ ഗേള്‍' എന്ന ചിത്രം ഈ വര്‍ഷാദ്യം ബോണി കപൂര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഹെലന് റീമേക്ക് ആവും ആദ്യം നടക്കുക. ബോണി കപൂറും സീ സ്റ്റുഡിയോസും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷാദ്യം ചിത്രീകരണം ആരംഭിച്ചേക്കും.






