
മോനിപ്പള്ളി: യുഎസില്‍ കുത്തേറ്റു മരിച്ച മലയാളി നഴ്സ് മെറിന് ജോയിയുടെ സംസ്കാരം അമേരിക്കയില്‍ തന്നെ നടത്തും. താമ്പയിലെ കത്തോലിക്കാ ദേവാലയത്തില്‍ ഈ ആഴ്ച സംസ്കാരം നടക്കും. മെറിന്റെ പിതാവ് ജോയിയുടെ മാതൃസഹോദരന്മാര് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ താമ്പയിലുണ്ട്.
കൊറോണയുടെ സാഹചര്യത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുക എളുപ്പമല്ലെന്നു ബന്ധുക്കള്‍ അറിയിച്ചു. മൃതദേഹം മയാമിയിലെ ഫ്യൂണറല്‍ ഹോമില്‍ സൂക്ഷിച്ചിരിക്കുകയാണ്. മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ താമസിക്കുന്ന പിറവം മരങ്ങാട്ടില്‍ ജോയ്, മേഴ്സി ദമ്പതികളുടെ മകളാണ് മെറിന് ജോയി (27). ആശുപത്രിയുടെ പാര്‍ക്കിങ് സ്ഥലത്താണ് മെറിന് കുത്തേറ്റത്. തുടര്‍ന്ന് മെറിന്റെ ദേഹത്ത് കാര്‍ കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവ് ചങ്ങനാശേരി വെളിയനാട് ആഞ്ഞിലിക്കാത്തറയില്‍ ഫിലിപ് മാത്യു (നെവിന്) അറസ്റ്റിലാണ്.
എംബാം ചെയ്യാന്‍ കഴിയാത്തതു മൂലമാണു മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ഒഴിവാക്കിയതെന്നു സൂചന. 17 കുത്തേല്‍ക്കുകയും വാഹനം കയറ്റുകയും ചെയ്തതിനാല്‍ എംബാം ചെയ്യാന്‍ കഴിയില്ലെന്നാണ് ആശുപത്രിയില്‍ നിന്ന് അറിയിച്ചത്. മെറിനെതിരായ സമൂഹമാധ്യമത്തിലെ അധിക്ഷേപത്തിനെതിരെ മാതാപിതാക്കള്‍ കുറവിലങ്ങാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.






