
തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണം അപകടമരണമായിരുന്നെന്നുള്ള കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ സി. അജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അപകടമരണം എന്ന തരത്തില്‍ കേസ് അവസാനിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്. സ്വര്‍ണക്കടത്ത് കേസ് വന്നതോടെ ബാലഭാസ്കറിന്റെ മരണം വീണ്ടും ചര്‍ച്ചാവിഷയമായിരുന്നു.
ഇപ്പോള്‍ ഈ ഡ്രൈവര്‍ യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിന്റെ കീഴില്‍ ഡ്രൈവറാണ്. ഇത് കൂടുതല്‍ ദുരൂഹതകള്‍ക്കു വഴിതുറക്കുകയാണ്. ബാലഭാസ്കറിന് അപടകമുണ്ടായ ദിവസം കാറിനു പിന്നില്‍ ഈ ബസും ഉണ്ടായിരുന്നു. അതിനാലാണ് അജിയുടെ മൊഴി പോലീസ് തെളിവായി എടുത്തതും.
എന്നാലിപ്പോള്‍ ഇയാളുടെ നിയമനവും അന്നത്തെ മൊഴിയും തമ്മില്‍ ചേര്‍ത്തുവായിക്കുമ്പോള്‍ ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹത ഏറുകയാണ്. അപകട സമയത്ത് കാര്‍ ഓടിച്ചത് ബാലഭാസ്കറല്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ സുപ്രധാന കണ്ടെത്തല്‍. ഈ നിഗമനം ശരിവച്ച് ബാലഭാസ്കറെ ആദ്യം ചികിത്സിച്ച മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ആര്.ഫൈസലും രംഗത്തു വന്നിരുന്നു.
ഡ്രൈവറായ അര്ജുന് പറയുന്നത് ബാലഭാസ്കര്‍ എന്നാണ്. എന്നാല്‍ അര്‍ജുനാണ് വാഹനം ഓടിച്ചതെന്നും ബാലഭാസ്കര്‍ ഉറങ്ങുകയായിരുന്നുവെന്നുമാണ് ക്രൈംബ്രാഞ്ചിന്റെയും പോലീസിന്റെയും കണ്ടെത്തല്‍.






