
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ബി.ജെ.പിയില്‍ മുന്നില്‍ നിന്നും പടനയിച്ച എല്‍.കെ അദ്വാനിക്ക് ഇത് ജീവിത സാക്ഷാത്കാരത്തിന്റെ നിമിഷം. 'എനിക്ക് മാത്രമല്ല, എല്ലാ ഇന്ത്യക്കാര്‍ക്കും ഇന്ന് ചരിത്രപരവും വൈകാരികവുമായ ദിനമാണെന്ന്' അദ്വാനി പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഇന്ന് തറക്കല്ലിടുന്ന സാഹചര്യത്തിലാണ് അദ്വാനിയുടെ പ്രതികരണം.
1990ല്‍ സോമനാഥില്‍ നിന്നൂം അയോധ്യയിലേക്ക് രഥയാത്രയുടെ രൂപത്തില്‍ ആ പുണ്യകര്‍മ്മം നടത്താന്‍ തന്നെ സഹായിച്ചത് വിധിയാണ്. പങ്കെടുത്ത എണ്ണമറ്റ ജനങ്ങളുടെ അഭിലാഷവും ഊര്‍ജവും വികാരവുമാണ് അവിടെ പ്രതിഫലിച്ചത്. ഇന്നത്തെ ചടങ്ങ് തന്റെ ഹൃദയത്തോട് ചേര്‍ന്നാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ നേരിട്ട് പങ്കെടുക്കാതെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് 92കാരനായ അദ്വാനിയും പാര്‍ട്ടിയിലെ സമുന്നതനായ മുരളീ മനോഹര്‍ ജോഷിയും സാന്നിധ്യമറിയിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഇരുവരും വേദിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
അതേസമയം, ഇരുവരേയും ആദ്യമേ ക്ഷണിച്ചിരുന്നില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ക്ഷേത്ര നിര്‍മ്മാണത്തിന് ഭരമേല്പിച്ചിരിക്കുന്ന രാം ജന്മഭൂമി തീര്‍ത്ഥ് ട്രസ്റ്റ് അവസാന നിമിഷമാണ് ഇരുവരേയും ടെലിഫോണില്‍ വിളിച്ചതെന്നും ആക്ഷേപമുണ്ട്.
'ശ്രീരാമന്റെ എല്ലാ അനുഗ്രഹങ്ങളും ആര്‍ജിച്ചെടുക്കാന്‍ ക്ഷേത്രത്തിലൂടെ ജനങ്ങള്‍ക്ക് കഴിയട്ടെയെന്നൂം അദ്വാനി ആശംസിച്ചു. ശ്രീരാമ ക്ഷേത്രം ശക്തവും അഭിവൃദ്ധിയും സമാധാനവും സൗഹാര്‍ദവുമുള്ള രാജ്യമായി നിലനില്ക്കാന് ഇന്ത്യയെ സഹായിക്കും. അവിടെ എല്ലാവര്ക്കും നീതി നടപ്പക്കും. ആരെയും പുറന്തള്ളില്ല. നാം ആഗ്രഹിച്ച രാമരാജ്യമാണത്.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






