
ശ്രീനഗർ : ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ജമ്മു കാശ്മീരിൽ തീവ്രവാദം ഏറ്റവും നിർജ്ജീവമായ നിലയിലെന്ന് ജമ്മു കശ്മീര് പോലീസ് അവകാശപ്പെട്ടു. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മേഖലയിൽ തീവ്രവാദ പ്രവർത്തനങ്ങൾ കുറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷാസേനയുടെ ശക്തമായ ഇടപെടൽ മൂലം പല തീവ്രവാദ ഗ്രൂപ്പുകൾക്കും നേതാക്കൻമാരില്ലാത്ത അവസ്ഥയാണ്.
നേരത്തെ 350-നും 400-നും ഇടയിൽ തീവ്രവാദികൾ മേഖലയിൽ പ്രവർത്തിച്ചിരുന്നുവെങ്കിൽ ഇപ്പോൾ 200 പേർ മാത്രമായി കുറഞ്ഞുവെന്ന് ജമ്മുകാശ്മീർ ഡിജിപി ദിൽബഗ് സിങ്ങ് വ്യക്തമാക്കി. 2019 ജൂലൈ വരെ ആകെ 131 തീവ്രവാദികൾ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ ജൂലൈ മുതൽ ഡിസംബർ വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 29 തീവ്രവാദികളെ മാത്രമാണ് കൊലപ്പെടുത്താൻ സാധിച്ചത്. തങ്ങൾ ക്രമസമാധാന പാലനത്തിന്റെ തിരക്കിലായതിനാലാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. 2019-ൽ മൊത്തം 161 തീവ്രവാദികളെ കൊലപ്പെടുത്തി.
ഈ വർഷം ഇതുവരെ 150 തീവ്രവാദികളെ കൊലപ്പെടുത്തിയതായും ഇതിൽ 30 പേർ വിദേശികളും 120 പേർ സ്വദേശികളുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.






