
ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനാപകടം ഉണ്ടാകാന്‍ കാരണമായത് മഴപെയ്തു കിടന്ന റണ്‍വേയില്‍ ഉണ്ടായിരുന്ന വഴുക്കലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്സീപ് സിംഗ് പുരി. വഴുക്കലുള്ള സാഹചര്യത്തില്‍ വിമാനം തെന്നിപ്പോയതാകാം അപകടകാരണമെന്നും പരിചയ സമ്പന്നനായ പൈലറ്റായിരുന്നു വിമാനം പറത്തിയിരുന്നതെന്നും പറഞ്ഞു.
വിമാനത്തിന് തീ പിടിക്കാതിരുന്നത് ഭാഗ്യമായെന്നും അല്ലെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി കൂടുമായിരുന്നു എന്നും വ്യോമയാന മന്ത്രി പറയുന്നു. പ്രതികൂല കാലാവസ്ഥയായിട്ടും പൈലറ്റ് കരിപ്പൂരിലെ ടേബിള്‍ ടോപ്പ് റണ്‍വേയില്‍ വിമാനം ഇറക്കാന്‍ പരിശ്രമിച്ചു. അപകടം നടന്ന കരിപ്പൂരിലേക്ക് ഉടന്‍ എത്തുമെന്നും ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍ നിന്നും 190 പേരുമായി എത്തിയ വിമാനം അപകടത്തില്‍ പെട്ടത് ഇന്നലെ രാത്രി 7.52 നായിരുന്നു. അപകടം വിലയിരുത്താനും ചര്‍ച്ച ചെയ്യാനും ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, വ്യോമയാന മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയര്‍ നാവീഗേഷന് സര്‍വീസ് അംഗങ്ങള്‍ എന്നിവരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരുന്നുണ്ട്.
അപകടത്തില്‍ മരണം 19 ആയി പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടുന്നു. അതിനിടയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാട്ടി പൈലറ്റുമാര്‍ എത്തിയിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയിലെ ഗൈഡന്‍ഡ് ലൈറ്റിംഗ് സിസ്റ്റം പരിതാപകരമാണെന്നും റണ്‍വേ ബ്രേക്കിംഗ് കണ്ടീഷന്‍ കൃത്യമായി പരിപാലിക്കാത്തതാണെന്നു സാമൂഹ്യ മാധ്യമത്തില്‍ വൈമാനികന് ആനന്ദ് മോഹന്‍ കുറിപ്പിട്ടു.
വൈമാനികന് എന്ന നിലയില്‍ തനിക്ക് ഏറ്റവും വലിയ വെല്ലുവിളിയാണ് കരിപ്പൂരിലെ റണ്‍വേ എന്നും ശക്തമായ കാറ്റുംമഴയും ഉള്ളപ്പോള്‍ ടേബിള്‍ടോപ്പ് റണ്‍വേയില്‍ വിമാനമിറക്കുക പൈലറ്റുമാരെ സംബന്ധിച്ചിടത്തോളം പേടിസ്വപ്നമാണെന്നും ഇതില്‍ പറയുന്നു. ഇപ്പോള്‍ പഴി പറയുന്നത് ശരിയല്ല എങ്കിലൂം കരിപ്പൂരിലെ സുരക്ഷാ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടേണ്ടവ തന്നെയാണെന്നും ഇദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നു.






