
പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയില്‍ ഇരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയില്‍ തന്നെ. മത്തായിയുടെ മരണത്തിലുള്ള കുടുംബത്തിന്റെ പ്രതിഷേധമാണ് ഇതിന് കാരണം. റാന്നി മാര്‍ത്തോമ്മാ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
ഒരു മെമ്മറി കാര്‍ഡ് മോഷണ ആരോപണത്തിന്റെ പേരിലാണ് മത്തായിയെ കസ്റ്റഡിയില്‍ എടുത്തത്. ജൂലൈ 28നാണ് മത്തായി വനപാലകരുടെ കസ്റ്റഡിയില്‍ ഇരിക്കെ മത്തായി മരിക്കുന്നത്. ഇതേ തുടര്‍ന്ന് 7 വനം ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന് ലഭിച്ചു.
മത്തായിയുടെ ഭാര്യ ഷീബയും 2 മക്കളും പ്രായമായ അമ്മയും ഭര്‍ത്താവ് മരിച്ച സഹോദരിയും 2 കുട്ടികളുമുണ്ട് വീട്ടില്‍. കൂടാതെ വീല്‍ചെയറില്‍ ജീവിക്കുന്ന മറ്റൊരു സഹോദരിയും. ഈ ഭൂമിയില്‍ ഇത്രയും പേരുടെ ഒരേയൊരു തുണയായിരുന്നു അദ്ദേഹം.
സംഭവത്തില്‍ വനപാലകര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇതുവരെയും സംസ്കാരം നടത്താത്തത്.






