
ന്യൂഡല്‍ഹി: പ്രതിരോധമേഖലയില്‍ ആവശ്യമായ ആയുധങ്ങളുള്പ്പടെയുള്ളവ രാജ്യത്ത് തന്നെ നിര്‍മിക്കാനൊരുങ്ങി രാജ്യം. ഇതിന്റെ ഭാഗമായി 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ നിരോധിക്കുകയാണ് ഇതിന്റെ ഭാഗമായി. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 'ആത്മനിര്‍ഭര്‍ ഭാരതി'ന്റെ നിര്‍ണായക ചുവടുവയ്പാകും ഇതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
ഇതിന്റെ വിശദമായ പട്ടിക പിന്നീട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കും. ഇതിനായി, സായുധസേനാതലവന്മാരുമായും, പൊതു, സ്വകാര്യകമ്പനികളുമായും ചര്‍ച്ച നടത്തി. സായുധ പോരാട്ട വാഹനങ്ങള്‍, റഡാറുകള്‍, അത്യാധുനിക തോക്കുകള്‍ തുടങ്ങിയവ രാജ്യത്ത് തന്നെ നിര്‍മിക്കാനാണ് ലക്ഷ്യം.
ഏപ്രില്‍ 2015 മുതല്‍ ഓഗസ്റ്റ് 2020 വരെ, ഏതാണ്ട് 260 പദ്ധതികളിലൂടെ മൂന്നരലക്ഷം കോടി രൂപയുടെ പ്രതിരോധസാമഗ്രികളാണ് മൂന്ന് സേനകളും ചേര്‍ന്ന് വാങ്ങിയത്. അടുത്ത ആറ് മുതല്‍ ഏഴ് വര്‍ഷങ്ങള്‍ക്കകം, ഇന്ത്യന്‍ സേനകള്‍ക്ക് ഏതാണ്ട് നാല് ലക്ഷം കോടി രൂപയുടെ പ്രതിരോധകരാറുകള്‍ ആവശ്യമായി വരുമെന്നാണ് കണക്കുകൂട്ടല്‍. ഇതില്‍ ഒരു ലക്ഷത്തി മുപ്പതിനായിരം കോടി രൂപ കരസേനയ്ക്ക് മാത്രം വേണ്ടി വരും. ഒരു ലക്ഷത്തി നാല്പതിനായിരം കോടി രൂപ നാവികസേനയ്ക്ക് വേണ്ടി വരും. രാജ്യത്ത് തന്നെ ഇവ നിര്‍മിച്ച് നല്‍കുന്നതിലൂടെ ഇതിനായി മുടക്കുന്ന പണം രാജ്യത്തെ സമ്പദ്വ്യവസ്ഥയില് തന്നെ പ്രതിഫലിപ്പിക്കുക എന്നതാണ് ലക്ഷ്യം.






