
ന്യൂഡൽഹി : കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് സോണിയ വീണ്ടും വരുന്നതിന് വിമര്‍ശനവുമായി ശശിതരൂര്‍. സോണിയാ ഗാന്ധിയെ ഇനിയും പാര്‍ട്ടി നേതൃത്വ ഭാരം ചുമപ്പിക്കണം എന്ന് കരുതുന്നത് ശരിയല്ലെന്നും രാഹുലിന് ഒരിക്കല്‍ കൂടി പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തിയുണ്ടെന്നും പറഞ്ഞു.
താൽക്കാലിക അധ്യക്ഷയായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തതിനെ ഞാനും സ്വാഗതം ചെയ്തിരുന്നു. എന്നാൽ അവർ അനിശ്ചിതകാലത്തേക്ക് ഈ ഭാരം ചുമക്കുമെന്ന് കരുതുന്നത് ശരിയല്ല. കോൺഗ്രസിന് ഇനിവേണ്ടത് ഒരു സ്ഥിരം അധ്യക്ഷന്‍ ആണ്ട്. നായകനില്ലാതെ കോണ്‍ഗ്രസ് വലയുകയാണ് എന്ന കാഴ്ചപ്പാട് മാറ്റാന്‍ ഇത് അത്യാവശ്യമായ കാര്യമാണ്.
മുമ്പോട്ട് പോകുമ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തെ കുറിച്ച് ഒരു വ്യക്തത വരുത്തേണ്ടത് അത്യാവശ്യമാണെന്ന് തോന്നുന്നു. പങ്കാളിത്തവും ജനാധിപത്യപരവുമായ ഒരു പ്രക്രിയയിലൂടെ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുകയും പാർട്ടിയെ ഘടനപരമായി പുനരുജ്ജീവിപ്പിക്കാൻ അദ്ദേഹത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുക്കുകയും വേണമെന്നാണ് ശശിതരൂരിന്റെ പക്ഷം.
ഒരിക്കൽ കൂടി പാർട്ടിയെ നയിക്കാൻ രാഹുൽ ഗാന്ധിക്ക് അഭിരുചിയും പ്രാപ്തിയുണ്ട്. എന്നാൽ അധ്യക്ഷ സ്ഥാനം സ്വീകരിക്കാൻ അദ്ദേഹം വിസ്സമ്മതം തുടരുന്നപക്ഷം പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ പാർട്ടി സ്വീകരിക്കണം. ഓഗസ്റ്റ് 10ന് താൽക്കാലിക അധ്യക്ഷയായി സോണിയാ ഗാന്ധി ഒരു വർഷം പൂർത്തീകരിക്കുന്ന വേളയിലാണ് തരൂര്‍ പാര്‍ട്ടിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും പരാജയങ്ങളെയും തുറന്നു കാട്ടി മികച്ച രീതിയിലാണ് രാഹുല്‍ പ്രവര്‍ത്തിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് പോലും കോവിഡ്, ചൈനീസ് അധിനിവേശം, എന്നീ വിഷയങ്ങളിലെല്ലാം സര്‍ക്കാര്‍ ഇടപെടലുകളുടെ ന്യുനതകളും പരാജയങ്ങളും പിഴവുകളില്ലാതെ ഒറ്റയ്ക്ക് തന്നെ രാഹുല്‍ ചൂണ്ടിക്കാട്ടിയെന്നും തരൂര്‍ പറയുന്നു. അതേസമയം സോണിയാഗാന്ധി അദ്ധ്യക്ഷയായി തുടരുമ്പോഴും ഇതുവരെ രാഹുല്‍ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പ്പര്യം കാട്ടിയിട്ടില്ല.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് 2019 മെയ് യില്‍ സ്ഥാനം ഒഴിഞ്ഞ ശേഷം കോണഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ ആവശ്യപ്പെട്ട് രാഹുലിന്റെ മേല്‍ സമ്മര്‍ദ്ദം തുടരുന്നതിനിടയിലാണ് ശശി തരൂരിനെ പോലെയുള്ള നേതാക്കളുടെ പ്രതികരണം.
സോണിയയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഈ വര്‍ഷം ചേര്‍ന്ന മൂന്ന് യോഗങ്ങളിലും രാഹുല്‍ നേതൃത്വം ഏറ്റെടുക്കാന്‍ ആവശ്യം ഉയര്‍ന്നിരുന്നു. ജൂണ്‍ 23 നായിരുന്നു കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മറ്റി ചേര്‍ന്നത്. ജൂലൈ 11 ന് ലോക്സഭാംഗങ്ങളുമായും ജൂലൈ 30 ന് രാജ്യസഭാംഗങ്ങളുമായും സോണിയയുടെ നേതൃത്വത്തില്‍ നടന്ന യോഗങ്ങളില്‍ രാഹുലിനെ വീണ്ടും ചുമതല ഏല്‍പ്പിക്കാന്‍ ആവശ്യം ഉയര്‍ന്നിരുന്നു.






