
കൊച്ചി: നിയമന തടസ്സങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രതിസന്ധി രൂക്ഷമാക്കി തസ്തികമാറ്റം വഴിയുള്ള നിയമനത്തിന്റെ പേരില്‍ എറണാകുളം ജില്ലയില്‍ എറണാകുളം ജില്ലയിൽ പി എസ് സി - എൽ പി എസ ടി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ കാത്തിരിപ്പ് നീളുന്നു. തസ്തികമാറ്റം വഴി നിയമനം നടത്തണമെന്ന ഉത്തരവിന്റെ പേരില്‍ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം തടസ്സപ്പെട്ട് കാത്തിരിക്കുകയാണ് ഇവര്‍.
ജില്ലയിൽ 72 ഒഴിവുകളിൽ 67 ഉം തസ്തിക മാറ്റം വഴി നിയമനം നടത്തണമെന്ന വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ 2019 ലെ ഉത്തരവാണ് റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനത്തിന് തടസ്സമാകുന്നത്. തസ്തികമാറ്റം വഴി നിയമിക്കുന്ന ഒഴിവുകളിൽ ആ വിഭാഗത്തിൽ പെട്ട അപേക്ഷകരുടെ എണ്ണം കഴിഞ്ഞുള്ളവ നേരിട്ടുള്ള നിയമനത്തിന് പരിഗണിക്കുമെന്ന് പി എസ് സി വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു. എൽ പി സ്കൂൾ അദ്ധ്യാപകരായി തസ്തികമാറ്റം വഴിയുള്ള നിയമനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിൽ 5 വര്‍ഷം പൂർത്തിയാക്കുകയും ടി ടി സി, കെ ടെറ്റ് യോഗ്യതകളും വേണമെന്നാണ് നിയമം.
ഇങ്ങനെ യോഗ്യതയുള്ള ഒന്നോ രണ്ടോ അപേക്ഷകൾ മാത്രമാണ് സാധാരണ ഉണ്ടാകാറുള്ളത്. ഈ അപേക്ഷകർക്ക് വേണ്ടിയാണ് 67 ഒഴിവുകളിൽ നിയമനം നടത്താതിരിക്കുന്നത്. 2017 ൽ ആണ് ഒടുവിൽ തസ്തികമാറ്റം വഴി നിയമനത്തിന് വിജ്ഞാപനം ഇറക്കിയത്. അന്ന് ഒരാൾ മാത്രമായിരുന്നു അപേക്ഷകന്. 2019 ജൂണിൽ ഈ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചു. പിന്നീട് പ്രസിദ്ധീകരിച്ചതാണ് നിലവിലുള്ള പട്ടിക. എന്നാൽ തസ്തികമാറ്റം വഴി നിയമനത്തിനുള്ള നോട്ടിഫിക്കേഷൻ ക്ഷണിച്ചാൽ മാത്രമേ ഇനി ലിസ്റ്റിൽ നിന്ന് നിയമനം നടത്താൻ കഴിയൂ.
ഇതിനായി 6 മാസം മുൻപ് ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നാണ് പി എസ് സിയുടെ അവകാശവാദം. എന്തായാലും ഇനിയും തുടർ നടപടികൾ ഉണ്ടായിട്ടില്ല. പകുതിയിലേറെ ജില്ലകളിൽ ഈ വർഷം തന്നെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർഥികൾക്കും നിയമനം ലഭിക്കുമെന്നിരിക്കെയാണ് എറണാകുളം ജില്ലയിൽ ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നത്. നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി അടുത്ത വര്‍ഷം അവസാനിക്കും. തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് പി എസ് സി വിജ്ഞാപനം ഇറക്കണമെന്നും ഇത് വഴിയുള്ള നിയമനം നടത്തി ശേഷിക്കുന്ന ഒഴിവുകളിലേക്ക് റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം വേണമെന്നുമാണ് ഉദ്യോഗാർഥികളുടെ ആവശ്യം.






