
ചെന്നൈ : കടുത്ത ദുഃഖം ഉള്ളിലൊതുക്കിയാണ് ഈ ഈ സ്വാതന്ത്ര്യദിനത്തിൽ ശില്‍പ്പ എന്ന പോലീസ് ഉദ്യോഗസ്ഥ പരേഡ് നയിക്കുന്നതിനായി എത്തിയത്. കൊറോണയെ പ്രതിരോധിക്കാന്‍ മാത്രമായിരുന്നില്ല അവര്‍ ആ മാസ്ക് ധരിച്ചിരുന്നത്. ഉള്ളിലുള്ള വിഷമത്തെ കൂടി മറച്ച് വെക്കുന്നതിനായിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിരുനെൽവേലി വി.ഒ.ചിദംബരനാർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരേഡ് നയിക്കാനുള്ള ചുമതല ആംഡ് റിസർസ് പോലീസ് ഇൻസ്പെക്ടർ ആയ എൻ. മഹേശ്വരിക്കായിരുന്നു. മുന്നിൽ നിന്ന് ആജ്ഞകൾ നൽകി അതിഗാംഭീര്യത്തോടെ തന്നെ ആ ചടങ്ങ് അവർ പൂർത്തിയാക്കുകയും ചെയ്തു.
എത്രയും സങ്കടം ഉള്ളിലൊതുക്കിയാണ് ആ പോലീസ് ഉദ്യോഗസ്ഥ പരേഡ് നയിച്ചതെന്ന് ആ ചടങ്ങിൽ പങ്കെടുത്ത കൂടുതൽ പേർക്കും അറിയില്ലായിരുന്നു. ഒരുക്കങ്ങൾ പൂർത്തിയായി പരേഡ് ചടങ്ങിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് പിതാവിന്റെ മരണവാർത്ത മഹേശ്വരി അറിയുന്നത്. ഡിണ്ടിഗല്‍ സ്വദേശിയായ മഹേശ്വരിയുടെ പിതാവ് നാരായണസ്വാമി വെള്ളിയാഴ്ച രാത്രിയാണ് മരിക്കുന്നത്. മരണവാർത്തയറിഞ്ഞെങ്കിലും പരേഡിനുള്ള ഒരുക്കങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ അവസാന നിമിഷം ചടങ്ങ് തടസ്സപ്പെടാതെയിരിക്കാൻ മഹേശ്വരി വീട്ടിലേക്കുള്ള യാത്ര മാറ്റിവയ്ക്കുകയായിരുന്നു എന്നാണ് ഭര്‍ത്താവ് ബാലമുരുകൻ പറയുന്നത്.
സ്വാതന്ത്ര്യദിനാഘോഷ ദിനത്തിൽ പരേഡ് നയിച്ച് കളക്ടർക്ക് ഗാർഡ് ഓഫ് ഓണർ നൽകി തന്റെ കടമ പൂർത്തിയാക്കിയ ശേഷമാണ് മഹേശ്വരി പിതാവിന്റെ സംസ്കാര ചടങ്ങുകൾക്കായി നാട്ടിലേക്ക് പുറപ്പെട്ടത്. നിറകണ്ണുകളോടെയാണ് ആ ഉദ്യോഗസ്ഥ പരേഡ് വേദി വിട്ടതെന്നാണ് ഒപ്പമുണ്ടായിരുന്നവരും പറയുന്നത്. അപ്പോൾ മാത്രമാണ് എത്ര ദുഃഖം ഉള്ളിലൊതുക്കിയാണ് മഹേശ്വരി അവിടെയെത്തിയതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പോലും തിരിച്ചറിഞ്ഞത്. പതിമൂന്നു മണിക്കൂറുകളോളം തന്റെ സങ്കടം കടിച്ചമർത്തി കടമ നിർവഹിക്കാനെത്തിയ ഉദ്യോഗസ്ഥയെ അഭിനന്ദിച്ചും ദുഃഖത്തിൽ പങ്കു ചേർന്നും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്.






