
ന്യുഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അംഗം അശോക് ലവാസ രാജിവച്ചു. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവി ഒഴിഞ്ഞത്. ജൂലായ് 15നാണ് 62കാരനായ അശോക് ലവാസയെ ഈ പദവിയിലേക്ക് നാമനിര്‍ദേശം ചെയ്തത്.
2018ല്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായ ലവാസയ്ക്ക് രണ്ടു വര്‍ഷം കൂടി കാലാവധി ഉണ്ടായിരുന്നു. എഡിബിയിലെ ലവാസയുടെ നിയമനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. 2019ലെ പൊതുതെരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും അമിത് ഷായ്ക്കുമെതിരെ വന്ന ആറ് പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിച്ച നിലപാടിന് വിരുദ്ധമായ അഭിപ്രായം പറഞ്ഞതോടെ കമ്മീഷനില്‍ 'വിമതനായി' മാറിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വ്യവസ്ഥാപിത സംവിധാനത്തിനെതിരെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെ തുറന്നടിച്ചിരുന്നു. രണ്ടു മാസത്തിനു ശേഷം ലവാസയുടെ ഭാര്യയ്ക്ക് നോവല്‍ എസ്.ലവാസയ്ക്ക് ആദായ നികുതി നോട്ടീസ് ലഭിച്ചു. നികുതി കുടിശികയുണ്ടെന്ന് കാണിച്ചായിരുന്നു നോട്ടീസ്. എന്നാല്‍ താന്‍ എല്ലാ കുടിശികകളും അടച്ചുതീര്‍ത്തുവെന്ന് അവര്‍ വ്യക്തമാക്കി.
മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡിഫന്‍സ് ആന്റ് സ്ട്രാറ്റജിക് സ്റ്റഡീസില്‍ ബിരുദം നേടിയ ലവാസ, ഓസ്ട്രേലിയയില്‍ നിന്ന് ബിസിനസില്‍ ബിരുദവും നേടിയിട്ടുണ്ട്.






