
റാഞ്ചി: കാണാതായ മരുമകള്‍ തിരിച്ചെത്താനായി പ്രാര്‍ഥനയ്ക്കിടെ നാവ് അറുത്തുമാറ്റി ദൈവത്തിന് സമര്‍പ്പിച്ച സ്ത്രീ ആശുപത്രിയില്‍. ജാര്‍ഖണ്ഡിലെ സെരെയ്ക്കേല-ഖര്‍സവാന്‍ സ്വദേശി ലക്ഷ്മി നിരാലയെയാണ് നാവ് മുറിച്ചനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ പറഞ്ഞു.
ഞായറാഴ്ച വൈകിട്ട് എന്‍.ഐ.ടി. ക്യാമ്പസില്‍വെച്ചാണ് ലക്ഷ്മി നാവ് മുറിച്ചത്. പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ സ്ത്രീ ആദ്യം ആശുപത്രിയില്‍ പോകാന്‍ തയ്യാറായില്ല. പിന്നീട് ബന്ധുക്കളും നാട്ടുകാരും അനുനയിപ്പിച്ചാണ് ജംഷേദ്പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാണാതായ മരുമകള്‍ തിരിച്ചെത്താന്‍ വേണ്ടിയാണ് ലക്ഷ്മി പ്രാര്‍ഥനയ്ക്കിടെ നാവ് അറുത്തുമാറ്റിയതെന്ന് ഭര്‍ത്താവ് നന്ദുലാല്‍ പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് മുതലാണ് ലക്ഷ്മിയുടെ മരുമകള്‍ ജ്യോതിയെ കാണാതായത്. കുട്ടിയുമായി വീട് വിട്ടിറങ്ങിയ യുവതിയെ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പോലീസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇതിനിടെയാണ് നാവ് മുറിച്ച് സമര്‍പ്പിച്ച് പ്രാര്‍ഥന നടത്തിയാല്‍ മരുമകള്‍ തിരികെവരുമെന്ന് ചിലര്‍ ലക്ഷ്മിയോട് പറഞ്ഞത്. ഇതനുസരിച്ചായിരുന്നു വീട്ടുജോലിക്കാരിയായ ലക്ഷ്മി ബ്ലേഡ് കൊണ്ട് നാവ് അറുത്തുമാറ്റി പ്രാര്‍ഥന നടത്തിയതെന്നും ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു.






