
തിരുവല്ല : ഭര്‍തൃമാതാവിനെ കുത്തിക്കൊന്ന മരുമകള്‍ അറസ്റ്റില്‍. നിരണം കൊമ്പങ്കേരിയില്‍ നടന്ന സംഭവത്തില്‍ മറ്റ് ദുരൂഹതകളൊന്നും ഇല്ലെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു.
അമ്മയെ കുത്തുന്നതിനു മുമ്പ് ലിന്‍സി തന്നെയും ആക്രമിച്ചതായി മകന് ബിജിയും പറഞ്ഞു.
തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് നിരണം കൊമ്പങ്കേരി പ്ലാംപറമ്പില്‍ കുഞ്ഞൂഞ്ഞമ്മ കൊല്ലപ്പെട്ടത്. മരുമകള്‍ ലിന്‍സി കത്രിക കൊണ്ട് കുത്തുകയായിരുന്നു. വീട്ടില്‍ വച്ചു തന്നെ കുഞ്ഞുഞ്ഞമ്മ മരിച്ചു. മകന് ബിജിയുടെ ഭാര്യയാണ് ലിന്‍സി. ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് ലിന്‍സിയെ ബിജി വിവാഹം കഴിക്കുന്നത്.തിങ്കള്‍ വൈകിട്ട് ഡോക്ടറെ കണ്ട് മടങ്ങിവരും വഴി ഓട്ടോയില്‍ വച്ച് ഭര്‍ത്താവ് ബിജിയുമായി ലിന്‍സി വഴക്കുണ്ടാക്കിയിരുന്നു. വീട്ടിലെത്തിയപ്പോഴും തര്‍ക്കം തുടര്‍ന്നു. ബിജിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് കുഞ്ഞുഞ്ഞമ്മയെ ലിന്‍സി കുത്തിയത്. പത്തനംതിട്ട എസ് പി കെ ജി സൈമണ്‍ ഇന്നലെ രാവിലെ വീട്ടിലെത്തി പരിശോധന നടത്തി. സംഭവത്തില്‍ ദുരൂഹതയൊന്നുമില്ലെന്ന് എസ്പി് പറഞ്ഞു
ലിന്‍സി പതിവായി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടെന്നും അമ്മയെ കുത്തുന്നതിനു മുന്‍പ് തന്നെയും ആക്രമിച്ചതായും ഭര്‍ത്താവ് ബിജി പറഞ്ഞു. ഇയാളുടെ കൈയ്ക്കും പരുക്കേറ്റു. വീട്ടില്‍ വഴക്ക് പതിവായിരുന്നതിനാല്‍ ശ്രദ്ധിച്ചില്ലെന്ന് പരിസരവാസികളും പറഞ്ഞു.പ്രതി ലിന്‍സിയുടെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്.






