
നടി ശ്രീദേവിയുടെ പാത പിന്തുടരുകയാണ് മക്കളായ ജാന്‍വി കപൂറും, ഖുഷി കപൂറും. ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പ് തന്നെ ആരാധകരുടെ കണ്ണിലുണ്ണിയാകാന്‍ ജാന്‍വിയ്ക്ക് കഴിഞ്ഞു. 2018ല്‍ 'ധടക്' എന്ന ചിത്രത്തിലൂടെയായിരുന്നു ജാന്‍വിയുടെ ബോളിവുഡ് അരങ്ങേറ്റം. ബോളിവുഡിലേക്ക് കാലുവെയ്ക്കും മുന്‍പ് സിനിമയെ ഗൗരവമായി പഠിക്കാന്‍ ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ ചേര്‍ന്നിരിക്കുകയാണ് ഖുഷി. നിരവധി തവണ സൈബര്‍ ബുള്ളിയിങ്ങിന് ജാന്‍വി ഇരയായിട്ടുണ്ട്.
തന്റെ അച്ഛനും സഹോദരി ഖുഷിയും ഇതിനെ സമീപിക്കുന്നത് എങ്ങനെയാണെന്നു പറയുകയാണ് ജാന്‍വി. '' സൈബര്‍ ബുള്ളിയിങ്ങിനെ കാര്യമാക്കേണ്ടതില്ലെന്ന മനോഭാവമാണ് ഖുഷിക്ക്. തന്റെ സഹോദരി സൂപ്പര്‍ കൂളും കരുത്തയുമാണ്. ഇതൊന്നും ശ്രദ്ധിക്കേണ്ട എന്നാണ് അവള് പറയാറുള്ളത്. ഞാന്‍ ട്രോളുകള്‍ക്കിരയാവുന്നു എന്നെയോര്‍ത്ത് സഹതപിക്കൂ എന്ന മനോഭാവമല്ല എനിക്കുള്ളത്.
ഖുഷി ഇക്കാര്യത്തില്‍ കൂളാണെങ്കിലും അച്ഛന് ബോണി കപൂര്‍ അല്പം ആശങ്കപ്പെടാറുണ്ട്. ഇത്തരം ട്രോളുകള്‍ അച്ഛനെ വേദനിപ്പിക്കാറുണ്ട്. പക്ഷേ ഗുഞ്ജന്‍ സക്സേന അച്ഛന് കണ്ടിട്ടുണ്ട്, എന്റെ പ്രകടനത്തില്‍ അദ്ദേഹത്തിന് വിശ്വാസവുമുണ്ട്. സിനിമയും ശക്തമായതിനാല്‍ അദ്ദേഹത്തെ അത്രയൊന്നും സമൂഹമാധ്യമത്തിലെ വിമര്‍ശനങ്ങളാല്‍ ബാധിക്കപ്പെട്ടിട്ടില്ല. അതും എനിക്ക് ശക്തി പകരുന്നുണ്ട്. തന്റെ മാനസികാവസ്ഥ എങ്ങനെയെന്നറിയാന്‍ അദ്ദേഹം വീട്ടില്‍ എന്നെ പിന്തുടര്‍ന്ന ദിവസങ്ങളുണ്ട്. ഗുഞ്ജന്‍ സക്സേന പലരീതിയിലും പോസിറ്റീവായി ചിന്തിക്കാന്‍ പഠിപ്പിച്ചു. ആത്മവിശ്വാസത്തിനൊപ്പം കഠിനാധ്വാനവുമുണ്ടെങ്കില്‍ സ്വപ്നം കാണുന്നത് സാധ്യമാകുമെന്നാണ് ഗുഞ്ജന്‍ സക്സേന എന്നെ പഠിപ്പിച്ചത്'' ജാന്‍വി പറയുന്നു.






