
റായ്പുർ : 11 വയസ്സുകാരിയെ വെട്ടിക്കൊന്ന കേസിൽ ചേച്ചിയും കാമുകനും അറസ്റ്റിൽ. ഛത്തീസ്ഗഢിലെ കോർബയിൽ താമസിക്കുന്ന വിനയ് ജഗത്, കാമുകിയായ 16 വയസ്സുകാരി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെയാണ് 16-കാരിയുടെ സഹോദരിയെ വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
മൊബൈൽ ഫോൺ ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ സഹോദരിയെ വെട്ടിക്കൊന്നു എന്നായിരുന്നു 16-കാരിയുടെ മൊഴി. സഹോദരിയോട് മൊബൈൽ ഫോൺ തിരികെ നൽകാൻ ആവശ്യപ്പെട്ടിട്ട് കൂട്ടാക്കിയില്ലെന്നും ഇതോടെ ദേഷ്യം വന്ന താൻ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി എന്നുമായിരുന്നു പെൺകുട്ടി പോലീസിനോട് പറഞ്ഞത്. ഇവരുടെ മാതാപിതാക്കൾ വെള്ളിയാഴ്ച തൊട്ടടുത്ത ഗ്രാമത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ പോയതിനാൽ സഹോദരിമാർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കുറ്റം സ്വയം ഏറ്റുപറഞ്ഞെങ്കിലും 16-കാരിയുടെ മൊഴിയിൽ പോലീസിന് തുടക്കം മുതലേ സംശയമുണ്ടായിരുന്നു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ച പോലീസ് ഫോൺ കോൾ വിവരങ്ങളെല്ലാം ഡിലീറ്റ് ചെയ്തത് ശ്രദ്ധിച്ചിരുന്നു. മാത്രമല്ല, വീടിന് മുൻവശത്ത് ബൈക്കിന്റെ ടയറിന്റെ അടയാളങ്ങൾ കണ്ടതും സംശയത്തിനിടയാക്കി. എന്നാൽ പല തവണ ചോദ്യംചെയ്തിട്ടും താൻ തന്നെയാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്ന് പെൺകുട്ടി ആവർത്തിക്കുകയായിരുന്നു.
ഇതിനിടെ, പെൺകുട്ടിയുടെ മൊബൈൽ ഫോൺ വിശദമായി പരിശോധിക്കാൻ സൈബർ സെല്ലിന് കൈമാറി. ഫോണിലെ വിവരങ്ങൾ വീണ്ടെടുത്ത സൈബർ സെൽ ഒരു നമ്പറിൽനിന്ന് തുടർച്ചയായി കോളുകൾ വന്നത് പരിശോധിച്ചു. പ്രദേശവാസിയായ വിനയ് ജഗതിന്റെ പേരിലാണ് ഈ നമ്പറെന്ന് തിരിച്ചറിഞ്ഞു. എന്നാൽ തുടക്കത്തിൽ പോലീസിന്റെ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞു മാറിയ യുവാവ് കൂടുതൽ തെളിവുകൾ നിരത്തിയതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്ച രാത്രി പെൺകുട്ടിയുടെ വീടിന്റെ സമീപത്ത് ഇയാൾ പോയതും ഫോൺ കോൾ വിവരങ്ങളും സന്ദേശങ്ങളും പോലീസ് വെളിപ്പെടുത്തിയതോടെയാണ് യുവാവ് സംഭവിച്ചതെല്ലാം തുറന്നുപറഞ്ഞത്.
മാതാപിതാക്കൾ വീട്ടിലില്ലാത്തതിനാൽ 16-കാരി തന്നെയാണ് വെള്ളിയാഴ്ച രാത്രി കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ കാമുകനൊപ്പമുള്ള സ്വകാര്യനിമിഷങ്ങൾ സഹോദരിയായ 11 വയസ്സുകാരി കണ്ടു. ഇതോടെയാണ് പെൺകുട്ടിയും കാമുകനും ചേർന്ന് സഹോദരിയെ കൊലപ്പെടുത്തിയത്. ആദ്യം തലയണ കൊണ്ട് ശ്വാസംമുട്ടിച്ച ശേഷം കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ കൊലപാതകത്തിന് പുറമേ പോക്സോ, ബാലനീതി വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയതായി പോലീസ് അറിയിച്ചു.






