
പെരിയ(കാസര്‍ഗോഡ്): പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം സി.പി.എമ്മിനേറ്റ കനത്ത തിരിച്ചടി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെന്ന പോലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലൂം കാസര്‍ഗോഡ് ജില്ലയിലെ ജനവിധിയെ ഇരട്ടക്കൊലക്കേസ് ബാധിക്കുമെന്നത് സി.പി.എമ്മിന് ആശങ്ക സൃഷ്ടിക്കുന്നതാണ്.
ഇരട്ടക്കൊലക്കേസ് സി.ബി.ഐക്ക് വിടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവാക്കിയത് 88 ലക്ഷം രൂപ. കേസ് സി.ബി.ഐക്കു വിട്ട സിംഗിള്‍ ബഞ്ചിന്റെ വിധിക്കെതിരെ ഡിവിഷന് ബഞ്ചില്‍ വാദിക്കാനാണ് ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകരെ എത്തിച്ചത്. 2019 ഒക്ടോബറില്‍ 25 ലക്ഷവും, നവംബറില്‍ 21 ലക്ഷവും, ഡിസംബറില്‍ 42 ലക്ഷവുമാണ് അഭിഭാഷകര്‍ക്കും സഹായികള്‍ക്കുമായി നല്‍കിയത്.
കാസര്‍ഗോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും 2019 ഫെബ്രുവരി 17നാണ് വെട്ടിക്കൊന്നത്. കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിന് കാഹളമുയര്‍ന്ന സമയത്താണ് ഇരട്ടക്കൊലപാതകം നടന്നത്. കാസര്‍കോട് ലോക്സഭാമണ്ഡലം സി.പി.എമ്മില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ യു.ഡി.എഫിനെ തുണച്ച പ്രധാനകാരണം ഇരട്ടക്കൊലപാതകമാണ്.
സി.പി.എമ്മിലെ ചില പ്രമുഖര്‍ക്ക് ഇരട്ടക്കൊലപാതകവുമായി ബന്ധമുണ്ടെന്നതാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും പ്രധാന ആരോപണം. ഇങ്ങനെ സംശയിക്കപ്പെടുന്നവരുടെ പേരുവിവരങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നുവെങ്കിലും ഇവരാരും പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണപരിധിയിലിലില്ല. ഇവരില്‍ ചിലര്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥിപട്ടികയില്‍ പരിഗണിക്കപ്പെടുമെന്ന് കരുതിയവരാണ്.
ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന കല്ല്യോട്ട് ഏച്ചിലടുക്കത്തെ എ പീതാംബരന്(45), ഏച്ചിലടുക്കത്തെ സി.ജെ സജി എന്ന സജിജോര്‍ജ്(40), തളിപ്പറമ്പ് ചപ്പാരപ്പടവ് സ്വദേശിയും തെങ്ങുകയറ്റതൊഴിലാളിയുമായ ഏച്ചിലടുക്കത്തെ കെ.എം സുരേഷ്(27), ഓട്ടോഡ്രൈവര്‍ ഏച്ചിലടുക്കത്തെ കെ അനില്‍കുമാര്‍(35), കല്യോട്ടെ ജി ഗിജിന്‍(26), ജീപ്പ് ഡ്രൈവര്‍ കല്ല്യോട്ടെ ആര് ശ്രീരാഗ് എന്ന കുട്ടു(22), കുണ്ടംകുഴി മലാങ്കോട്ടെ എ അശ്വിന്(18), പാക്കം വെളുത്തോളിയിലെ എ സുബീഷ്(29), തന്നിത്തോട്ടെ എം മുരളി(36), ടി രഞ്ജിത്(46), പ്രദീപ് എന്ന കുട്ടന്(42), അലക്കോട്ടെ ബി മണികണ്ഠന്, സി.പി.എം പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്, സി.പി.എം ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠന് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നത്.
ഇവര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേസില്‍ സാക്ഷികളെ ഉള്‍പ്പെടുത്തിയതിലടക്കം പ്രതികള്‍ക്ക് സഹായകരമായ പഴുതുകള്‍ കുറ്റപത്രത്തിലുണ്ടെന്ന് വിമര്‍ശനമുയര്‍ന്നു. സി.പി.എം പ്രാദേശികനേതാക്കളും അനുഭാവികളും അടക്കം പ്രതികളാണെങ്കിലും വ്യക്തി വൈരാഗ്യം മൂലമാണ് കൊലപാതകമെന്നായിരുന്നു കുറ്റപത്രത്തിലെ പരാമര്‍ശം. ലോക്കല്‍ ഏരിയാ സെക്രട്ടറിമാരെ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്നതിനാണ് കേസില്‍ പ്രതിചേര്‍ത്തിരുന്നത്. ഇവര്‍ക്ക് കോടതി ജാമ്യം നല്‍കിയിരുന്നു. മറ്റ് പ്രതികള്‍ റിമാന്‍ഡിലാണ്.
അതേ സമയം കൊലപാതക ഗൂഡാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ച് പ്രമുഖരായ ചില സി.പി.എം നേതാക്കളുടെ പേരുവിവരങ്ങള്‍ കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബം ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്നു. ഇവര്‍ക്കെതിരെ അന്വേഷണമൊന്നുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ നല്കിയ ഹര്‍ജിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്.






