
ജമ്മു : കശ്മീരിലെ പുല്‍വാമയില്‍ 2019 ഫെബ്രുവരി 24 ന് ജവാന്മാര് സഞ്ചരിച്ച ബസിലേക്കു സ്ഫോടക വസ്തുക്കള്‍ നിറച്ച കാറിടിച്ചു കയറ്റി സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നിരോധിത ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹര്‍ അടക്കം 19 പേരാണ് പ്രതികള്‍.
സംഭവത്തില്‍ വയനാട് ലക്കിടി സ്വദേശി വി.വി. വസന്തകുമാര്‍ ഉള്‍പ്പെടെ 44 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. പുല്‍വാമ കാകപോറ സ്വദേശി ആദില്‍ അഹമ്മദായിരുന്നു ചാവേര്‍ തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ 7 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
വിവിധ സംഭവങ്ങളില്‍ പിടിയിലായ ഭീകരരില്‍ നിന്നും അവര്‍ക്ക് ഒളിത്താവളങ്ങള്‍ നല്കിയവരില് നിന്നും കിട്ടിയ മൊഴികളും ചാവേര്‍ ആദില്‍ അഹമ്മദിന്റെ അവസാനത്തെ വിഡിയോയും തെളിവുകളായി. ഈ തെളിവുകളെല്ലാം എന്‍ഐഎ ജോയിന്റ് ഡയറക്ടര്‍ അനില്‍ ശുക്ല സമര്‍പ്പിച്ച 13,500 പേജുള്ള കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നു.
മസൂദ് അസ്ഹറിനു പുറമേ വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട 7 ഭീകരരും പിടിയിലാകാനുള്ള 4 പേരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നു. മസൂദ് അസ്ഹറിന്റെ ബന്ധുക്കളായ അബ്ദുല്‍ റൗഫ്, അമ്മാര്‍ അല്‍വി എന്നിവരാണ് സംഭവത്തിന്റെ മുഖ്യസൂത്രധാരന്മാര്.






