
ഇടുക്കി: ഉറ്റവരെയും ഉടയവരെയും സകല സമ്പാദ്യങ്ങളും നഷ്ടമായവര്ക്കു വേണ്ടി തെരച്ചിലിലേര്പ്പെട്ട ദൗത്യസംഘം പെട്ടിമുടിയോട് യാത്ര പറഞ്ഞിറങ്ങി. 18 ദിവസം നടത്തിയ തെരച്ചിലില് ദുര്ഘട മേഖലയില് നിന്ന് 65 പേരെ കണ്ടെത്താനായതിന്റെ ചാരിതാര്ഥ്യത്തിലും അഞ്ചുപേരെ ഇനിയും കണ്ടെത്താനാവാത്തതിന്റെ ദു:ഖത്തിലുമാണ് തെരച്ചില് സംഘം പെട്ടിമുടിയോട് യാത്ര പറഞ്ഞത്. ചെങ്കുത്തായ വഴുക്കലുള്ള പാറയിലും, പുഴ ചെന്നുചേരുന്ന അഗാധമായ ഗര്ത്തത്തിലും പ്രത്യേക പരിശീലനം നേടിയ സംഘം തെരച്ചില് നടത്തി.
അവസാന ദിനങ്ങളില് ഏറ്റവും ദുര്ഘടമായ പുഴയും ഭൂതക്കുഴി വനമേഖലയും കേന്ദ്രീകരിച്ചായിരുന്നു തെരച്ചില്. അവസാന ആളെയും കണ്ടെത്തുന്നത് വരെ തെരച്ചില് തുടരുമെന്ന് അറിയിച്ചെങ്കിലും വനമേഖലയിലെ വന്യജീവി സാന്നിധ്യവും, മഴയും മഞ്ഞും തിരിച്ചടിയാകുകയായിരുന്നു. അഗ്നിരക്ഷാ സേന, ദേശീയ ദുരന്തനിവാരണസേന, സന്നദ്ധ പ്രവര്ത്തകര്, സാഹസിക സംഘം, വനം-പോലീസ്-റവന്യു-പഞ്ചായത്ത് വകുപ്പുകളും കെ.ഡി.എച്ച്.പി. കമ്പനി, പ്രദേശവാസികള്, സന്നദ്ധപ്രവര്ത്തകര് എന്നിവരെ ഏകോപിപ്പിച്ചാണ് തെരച്ചില് നടന്നത്.
അര്ധരാത്രിയിലുണ്ടായ ദുരന്തത്തില് ഗതാഗത-വാര്ത്ത വിനിമയ വൈദ്യുതി ബന്ധങ്ങളും തകരാറിലായതോടെ ദുരന്തവാര്ത്ത പുറം ലോകമറിയുന്നത് നേരം പുലര്ന്നിട്ടാണ്. എത്തിച്ചെല്ലാനാകാത്ത വിധം മരങ്ങള് വീണും മണ്ണിടിഞ്ഞും തടസപ്പെട്ട റോഡ് ഗതാഗത യോഗ്യമാക്കി അഗ്നിരക്ഷാ സേനയാണ് ആദ്യം പെട്ടിമുടിയിലെത്തിയത്. പ്രദേശവാസികളോടൊപ്പം അഗ്നിരക്ഷാസേന നടത്തിയ രക്ഷാപ്രവര്ത്തനത്തില് 12 പേരെ രക്ഷപ്പെടുത്താനായി. തുടര് രക്ഷാപ്രവര്ത്തനത്തില് പോലീസും, ദേശീയ ദുരന്തനിവാരണ സേനയും ചേര്ന്നതോടെ തെരച്ചില് പ്രവര്ത്തനങ്ങള് ഊര്ജിതമായി. ജില്ലാ കലക്ടര് എച്ച് ദിനേശന്റെ നേതൃത്വത്തില് ജില്ലാ ആസ്ഥാനത്തെ ദുരന്തനിവാരണ വിഭാഗം പ്രവര്ത്തനങ്ങള് കൃത്യമായി ഏകോപിപ്പിച്ചുകൊണ്ടിരുന്നു.
ദുഷ്കരമായ ഭൂതക്കുഴി വനമേഖലയിലൂടെ ചെന്നെത്താന് കഴിയുന്നിടം വരെ തെരച്ചില് നടത്തിയെന്നും പ്രദേശവാസികളുടെ സഹകരണത്തോടെ കാണാതായവരുടെ ബന്ധുക്കള് ആവശ്യപ്പെട്ട മുഴുവന് ഇടങ്ങളിലും പരിശോധിക്കാന് സാധിച്ചെന്നും പെട്ടിമുടിയില് ചേര്ന്ന അനുശോചന യോഗത്തില് ഡീന്കുര്യാക്കോസ് എം.പി. പറഞ്ഞു. തെരച്ചില് താല്കാലികമായി അവസാനിപ്പിച്ചെങ്കിലും പുഴയിലെ ഒഴുക്ക് കുറഞ്ഞ് കാലാവസ്ഥ അനുകൂലമായാല് തെരച്ചില് പുനരാരംഭിക്കുമെന്നും ജില്ലാ കലക്ടര് എച്ച്. ദിനേശന് അറിയിച്ചു.







Comments