
പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. സ്ഥാപനത്തിന്റെ ഉടമ റോയ് ഡാനിയല്‍, ഭാര്യ പ്രഭ തോമസ്, മക്കളായ റിനു, റിയ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മക്കളായ റിനു, റിയ എന്നിവര്‍ക്ക് കേസില്‍ നിര്‍ണായക പങ്ക് ഉണ്ടെന്ന് എസ്പി കെ.ജി. സൈമണ്‍ പറഞ്ഞു. 2014 ല്‍ കമ്പനികളുടെ ഉടമസ്ഥാവകാശം മക്കളുടെ പേരിലേക്കു മാറ്റിയിരുന്നു.
പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് പത്തനംതിട്ട എസ്പി ഓഫിസിലെത്തി റോയി ഡാനിയേലും പ്രഭയും കീഴടങ്ങിയത്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച മക്കള്‍ പിടിയിലായതോടെയാണ് റോയിയുടെയും പ്രഭയുടെയും കീഴടങ്ങല്‍.
അടുത്തകാലം വരെ പോപ്പുലര്‍ ഫിനാന്‍സ് എന്ന പേരിലാണ് ഇടപാടുകാര്‍ക്ക് രേഖകളും രസീതുകളും നല്‍കിയിരുന്നത്. എന്നാല്‍ കുറെ മാസങ്ങളായി വിവിധ പേരിലാണ് രേഖകള്‍ നല്‍കുന്നത്. റോയിയുടെ മക്കളുടെ ഭര്ത്താക്കന്മാരുടെ പേരിലുള്ള വ്യവസായ സംരംഭങ്ങളിലേക്കും നിക്ഷേപം വകമാറ്റിയിരുന്നു. നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ നികുതി വകുപ്പും പരിശോധിക്കും.






