പലതലങ്ങളിലുള്ള കര്‍ശന ഓഡിറ്റ് സംവിധാനമാണ് കിഫ്ബിക്കുള്ളത്
1. സ്റ്റാറ്റിയൂട്ടറി ഓഡിറ്റ്
ഇതാണ് കിഫ്ബിയുടെ അടിസ്ഥാന ഓഡിറ്റ്. സര്‍ക്കാരിന്റെ അംഗീകാരത്തോടെ കിഫ്ബിയുടെ ബോര്‍ഡ് നിയോഗിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ഈ ഓഡിറ്റ് എല്ലാ സാമ്പത്തിക വര്‍ഷവും നടത്തുന്നത്. വാര്‍ഷിക റിപ്പോര്‍ട്ടിനൊപ്പം ഈ ഓഡിറ്റ് റിപ്പോര്‍ട്ടും പ്രസിദ്ധീകരിക്കുന്നുണ്ട്. കിഫ്ബിയുടെ ഓഡിറ്റ് ചെയ്ത വാര്‍ഷിക കണക്ക് ഒരോ വര്‍ഷവും നിയമസഭയുടെ മുന്നില്‍ വയ്ക്കുന്നുമുണ്ട്.
2. പിയര്‍ റിവ്യു ഓഡിറ്റ്
കിഫ്ബിക്ക് ഫണ്ട് നല്‍കുന്ന ബാഹ്യ ഏജന്‍സികളുടെ താല്‍പ്പര്യപ്രകാരമുള്ള ഓഡിറ്റാണിത്. ബാഹ്യഏജന്‍സികളുടെ കൂടി നിര്‍ദേശം പരിഗണിച്ചാണ് പിയര്‍ റിവ്യു ഓഡിറ്ററെ കിഫ്ബി നിയമിക്കുന്നത്. വിദേശ രാജ്യങ്ങളിലെ ഏജന്‍സികളില്‍നിന്ന് കിഫ്ബി ഫണ്ട് സ്വീകരിക്കുന്നുണ്ട് എന്നതിനാല്‍ അവിടത്തെ രീതിയില്‍ ഓഡിറ്റ് വിവരങ്ങളെ പരിവര്‍ത്തനപ്പെടുത്തി നല്‍കുക എന്നതാണ് പിയര്‍ റിവ്യു ഓഡിറ്റിന്റെ പ്രധാന ചുമതല.
3. ഇന്റേണല്‍ ഓഡിറ്റ്
കിഫ്ബിയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ ദൈനംദിന നിരീക്ഷണ സംവിധാനം എന്നുവേണമെങ്കില്‍ ഇന്റേണല്‍ ഓഡിറ്ററെ പറയാം. കിഫ്ബി ബോര്‍ഡിനാണ് ഇന്റേണല്‍ ഓഡിറ്റര്‍ റിപ്പോര്‍ട്ട് നല്‍കേണ്ടത്.
4. സി.എ.ജി. ഓഡിറ്റ്
കിഫ്ബിയുടെ വരവുചെലവുകള്‍ ആക്ട് അനുശാസിക്കുന്ന തരത്തിലാണോ എന്നാണ് സി.എ.ജി. ഓഡിറ്റ് പ്രധാനമായും പരിശോധിക്കുന്നത്.
2020 വരെയുള്ള കാലയളവിലെ സി.എ.ജി. ഓഡിറ്റ് കിഫ്ബിയില്‍ വിജയകരമായി പൂര്‍ത്തിയായിട്ടുണ്ട്. കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ കാരണം ഓഡിറ്റിന് തടസം വരാതിരിക്കാന്‍ കിഫ്ബിയുടെ ഫയലുകള്‍ സി.എ.ജിക്ക് ഓണ്‍ ലൈനില്‍ പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കിയിരുന്നു.
പൊതുജനങ്ങള്‍ക്ക് കിഫ്ബിയെ കുറിച്ചുള്ള സംശയ നിവാരണത്തിനും പരാതികള്‍ക്കുമായി സമീപിക്കാവുന്ന പൊതു പരാതി പരിഹാര സെല്‍ ഒരുക്കിയിട്ടുണ്ട്. ആഭ്യന്തരവും ബാഹ്യവുമായ പരാതികള്‍ പരിശോധിക്കുന്നതിന് ഓംബുഡ്‌സ്മാന്റെ സേവനവും ലഭ്യമാണ്. സുതാര്യതയും ഉത്തരവാദിത്തവും സമന്വയിപ്പിക്കുന്ന ഭരണനിര്‍വഹണ സംവിധാനമാണ് കിഫ്ബിയുടേത്.
രാജ്യാന്തര തലത്തില്‍ പ്രഗല്‍ഭരായ സാമ്പത്തിക വിദഗ്ധരാണ് കിഫ്ബിയുടെ ബോര്‍ഡിലുള്ളത്. ഒരേ സമയം നിക്ഷേപകരുടേയും കിഫ്ബിയുടേയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തുന്ന ഒരു നിരീക്ഷണ സംവിധാനം - ഫണ്ട് ട്രസ്റ്റീ അഡൈ്വസറി കമ്മിഷന്‍ - കിഫ്ബിക്കുണ്ട്. ഓരോ ആറു മാസവും കിഫ്ബിയുടെ ധനസമാഹരണ-വിനിയോഗ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഈ കമ്മിഷന്‍ കിഫ്ബിക്ക് വിശ്വാസ്യതാ സാക്ഷ്യപത്രം സര്‍ട്ടിഫിക്കറ്റ് (ക്ഷദ്ധന്രുരൂപദ്ധന്ധത്‌ന ്യനുത്സന്ധദ്ധക്ഷദ്ധ്യന്റന്ധനു)നല്‍കി വരുന്നുണ്ട്.
ധനലഭ്യത
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് വഴി സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്ന വികസനപദ്ധതികള്‍ക്കാവശ്യമായ പണം, പദ്ധതികളുടെ ഗുണനിലവാരം, സമയക്രമം ഇവയാണ് കിഫ്ബി ഉറപ്പുവരുത്തുന്നത്. എന്നാല്‍ പറയുമ്പോലെ ലളിതമല്ല ഇത്. ധനലഭ്യത, ഗുണനിലവാരം, സമയക്രമം എന്നിവ ഉറപ്പുവരുത്താന്‍ വിപുലവും സുതാര്യവുമായ സംവിധാനമാണ് കിഫ്ബിക്കുള്ളത്.
പദ്ധതികള്‍ക്ക് പണം കണ്ടെത്തിക്കൊടുക്കുന്നു എന്നതിനപ്പുറം പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും കിഫ്ബി അതിന്റേതായ പങ്ക് നിര്‍വഹിച്ച് വിജയകരമായ പൂര്‍ത്തീകരണം ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. കിഫ്ബി ആക്ടില്‍ നിഷ്‌കര്‍ഷിക്കുന്ന തരത്തില്‍ പല സ്രോതസുകളില്‍നിന്ന് കിഫ്ബി പണം കണ്ടെത്തുന്നുണ്ട്. താഴെ പറയുന്നവയാണ് അവ.
1. പെട്രോളിയം സെസ്, മോട്ടോര്‍ വാഹന നികുതി എന്നിവയിലൂടെയുള്ള വരുമാനം.
2. ആഭ്യന്തര വിപണിയില്‍നിന്നുള്ള വായ്പ.
3. വിദേശ വിപണിയില്‍നിന്നുള്ള വായ്പ.
4. സര്‍ക്കാരില്‍നിന്നുള്ള കോര്‍പ്പസ് ഫണ്ട്.
ഇതിനു പുറമെ കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി, പ്രവാസി ഡിവിഡന്റ് സ്‌കീം എന്നിവ വഴിയും കിഫ്ബിയിലേക്ക് ഫണ്ട് എത്തുന്നുണ്ട്.പെട്രോളിയം സെസ്, മോട്ടോര്‍ വാഹനനികുതി എന്നീ ഇനങ്ങളില്‍ നിന്നാണ് കിഫ്ബിക്ക് പ്രധാനമായും വരുമാനം വരുന്നത്. 2016-17 സാമ്പത്തികവര്‍ഷം മുതല്‍ ഇതുവരെ 6590.10 കോടി രൂപ ഈ ഇനങ്ങളില്‍ വരുമാനം ലഭിച്ചിട്ടുണ്ട്.
ആഭ്യന്തര വിപണിയില്‍നിന്ന് ടേം ലോണുകള്‍, നബാര്‍ഡ് ലോണ്‍ എന്നിവയായി 4076.73 കോടി രൂപയ്ക്ക് അനുമതി ലഭിക്കുകയും ഇതില്‍ 2915 കോടി കിഫ്ബി കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. ദീര്‍ഘവീക്ഷണവും പ്രായോഗികതയും സമന്വയിപ്പിച്ച് കിഫ്ബി നടപ്പാക്കുന്ന പദ്ധതികളും കാര്യക്ഷമതയുള്ള പ്രവര്‍ത്തനവും ഇതിനോടകം തന്നെ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ ശ്രദ്ധയും താല്‍പ്പര്യവും ആകര്‍ഷിച്ചു കഴിഞ്ഞു.
മസാല ബോണ്ടിലൂടെ അന്താരാഷ്ട്ര വിപണിയില്‍നിന്ന് പണം കണ്ടെത്താന്‍ കഴിഞ്ഞ ആദ്യ ഇന്ത്യന്‍ സംസ്ഥാന സ്ഥാപനമായി കിഫ്ബി മാറി. 2150 കോടി രൂപയാണ് ഇത്തരത്തില്‍ സമാഹരിക്കാന്‍ കഴിഞ്ഞത്. ഇതിനുപുറമെ രണ്ടു തവണയായി 2498.42 കോടി രൂപ കോര്‍പ്പസ് ഫണ്ടായി സംസ്ഥാനസര്‍ക്കാരില്‍നിന്ന് കിഫ്ബിക്ക് ലഭിച്ചിട്ടുണ്ട്. കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി, നോര്‍ക്ക പ്രവാസി ഡിവിഡന്റ് സ്‌കീം എന്നിവ വഴി 303.04 കോടി രൂപ കിഫ്ബി സമാഹരിച്ചിട്ടുണ്ട്.
കോവിഡ് 19 മഹാമാരിയുടെ കാലത്തുപോലും വന്‍തോതിലുള്ള താല്‍പ്പര്യമാണ് പ്രവാസികള്‍ കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടിയിലും ഡിവിഡന്റ് സ്‌കീമിലും കാണിക്കുന്നത്. സ്വന്തം ഭാവി സുരക്ഷിതമാക്കുന്നതിനൊപ്പം സംസ്ഥാന വികസനത്തില്‍ നേരിട്ടുള്ള പങ്കാളിത്തം കൂടിയാണ് ഇതുവഴി പ്രവാസികള്‍ക്ക് സാധ്യമാകുന്നത്. എല്ലാ സ്രോതസുകളില്‍ നിന്നുമായി ഇതുവരെ ആകെ 15315.25 കോടി രൂപ കിഫ്ബി സമാഹരിച്ചിട്ടുണ്ട്. ഇതില്‍നിന്ന് ഇതുവരെ വിവിധ പദ്ധതികള്‍ക്കായി 5957.96 കോടി രൂപ കിഫ്ബി വിനിയോഗിച്ചിട്ടുണ്ട്. കടമെടുത്ത് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സംസ്ഥാനത്തെ ഭാവിയില്‍ കടക്കെണിയിലേക്ക് തള്ളിവിടില്ലേ എന്ന സംശയം ന്യായമായും ഉയരാം. എന്നാല്‍ തിരിച്ചടവിനുള്ള വരുമാനം ഉറപ്പുവരുത്തിയതിനുശേഷം അതിനനുസരിച്ച് മാത്രമാണ് കിഫ്ബി വായ്പകള്‍ എടുക്കുന്നത് എന്നതാണ് ഇതിനുത്തരം. അതുകൊണ്ടു ഒരു കാലത്തും കിഫ്ബിയോ സര്‍ക്കാരോ കടക്കെണിയില്‍ വീഴില്ല എന്നുറപ്പാക്കുന്നുണ്ട്.
മൂല്യനിര്‍ണയം
കിഫ്ബിയുടെ പദ്ധതി മൂല്യനിര്‍ണയ വിഭാഗം(പ്രോജക്ട് അപ്രെയ്സല്‍ ഡിവിഷന്‍)
ഫ്ബിയിലേക്ക് പ്രോജക്ടുകള്‍ വരുന്നത് രണ്ടു തരത്തിലാണ് . ബജറ്റില്‍ പ്രഖ്യാപിക്കുന്ന പദ്ധതികളാണ് ഒന്നാമത്തെ വിഭാഗത്തില്‍ വരുന്നത്. മന്ത്രിസഭാതീരുമാനമനുസരിച്ച് കിഫ്ബിയിലേക്ക് വരുന്ന പദ്ധതികളാണ് രണ്ടാമത്തെവിഭാഗത്തില്‍ വരുന്നത്.
പദ്ധതി ഏതു വകുപ്പിന്റെ കീഴിലാണോ വരുന്നത് ആ വകുപ്പ് ഒരു നിര്‍വഹണ ഏജന്‍സി അഥവ സ്പെഷല്‍ പര്‍പസ് വെഹിക്കിളി(എസ്പിവി)നെ പദ്ധതി നടത്തിപ്പ് ഏല്‍പ്പിക്കും.ബജറ്റ് പ്രഖ്യാപനത്തിന്റെ അല്ലെങ്കില്‍ മന്ത്രിസഭാ യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എസ്പിവി പദ്ധതിയുടെ ഒരു വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍) നല്‍കും. ഈ ഡി.പി.ആറിനെ വിശദമായി വിലയിരുത്തി മൂല്യനിര്‍ണയം നടത്തുന്നത് പ്രോജക്ട് അപ്രെയ്സല്‍ ഡിവിഷന്‍ ആണ്.പദ്ധതിയുടെ പ്രായോഗികതയും സാധ്യതകളും വിലയിരുത്തി ടെന്‍ഡറിങ്ങിന് തയാറാകുന്ന രീതിയില്‍ ഒരു യാഥാര്‍ഥ്യത്തോടടുത്ത ഒരു വിലമതിപ്പിലേക്കെത്തും . പദ്ധതി കടലാസില്‍ നിന്ന്് യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുന്ന ഈ ഘട്ടത്തിലെ നിര്‍ണായക പങ്കാണ് പ്രോജക്ട് അപ്രെയ്സല്‍ ഡിവിഷന്‍ വഹിക്കുന്നത്.
സമ്പൂര്‍ണ കടലാസ് രഹിത ഓഫിസ്
കിഫ്ബിയുടെ എല്ലാ ഇടപാടുകളും പൂര്‍ണമായും വിവരസാങ്കേതികവിദ്യാ അധിഷ്ഠിതമാണ്. പ്രോജക്ടുകളുടെ വിലയിരുത്തല്‍,ഇതു സംബന്ധിച്ച് നിര്‍വഹണ ഏജന്‍സികളില്‍ നിന്ന് വിവരം ശേഖരിക്കല്‍, വിശദമായ വിലയിരുത്തല്‍ റിപ്പോര്‍ട്ട് തയ്യാറാക്കല്‍, കിഫ്ബി ബോര്‍ഡിന്റെ അംഗീകാരവും ഉത്തരവുകളും, നിര്‍വഹണ ഏജന്‍സിക്കു നല്‍കുന്ന സാങ്കേതിക അനുമതി,ടെന്‍ഡര്‍,കരാര്‍ എന്നിവ കിഫ്ബിയെ അറിയിക്കല്‍, അവയുടെ പരിശോധന,പദ്ധതി നടപ്പാക്കുന്നതിന് ഓരോ കാലയളവിലും വേണ്ട പണത്തിന്റെ ആവശ്യകത,പ്രവര്‍ത്തി തുടങ്ങുന്നത് അറിയിക്കല്‍, പദ്ധതിയിലുണ്ടായ മാറ്റങ്ങളും വ്യതിയാനങ്ങളും ,പദ്ധതി പുന:ക്രമീകരണം തുടങ്ങി ഒരു പ്രോജക്ട് നടപ്പാക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്യുന്നത് പ്രോജക്ട് ഫിനാന്‍സ് ആന്‍ഡ് മാനേജ്മെന്റ് സിസ്റ്റം എന്ന പി.എഫ്.എം.എസ് ആണ്.
നിര്‍വഹണ ഏജന്‍സികള്‍ക്കും കരാറുകാര്‍ക്കും ഓണ്‍ലൈന്‍ വഴിയായി പണം കൈമാറുന്നത് ഫിനാന്‍സ് മാനേജ്മെന്റ് സിസ്റ്റം എന്ന എഫ്എംഎസ് വഴിയാണ്.കരാറുകാര്‍ നിര്‍വഹണ ഏജന്‍സിയില്‍ ബില്‍ സമര്‍പ്പിച്ചത് മുതല്‍ കിഫ്ബിയില്‍ നിന്ന് പണം ലഭ്യമാക്കുന്നതുവരെ അവരുടെ ഫയല്‍നീക്കം സംബന്ധിച്ച വിവരങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കുന്നതിനായി ബില്‍ട്രാക്കിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.പദ്ധതികളുടെ പുരോഗതി അടയാളപ്പെടുത്തി അത് വിലയിരുത്തുന്നതിനുള്ള പ്രോജക്ട് മോണിറ്ററിങ് ആന്‍ഡ് അലെര്‍ട്ട് സിസ്റ്റം(പിഎംഎഎസ്)നിലവിലുണ്ട്. മേല്‍പ്പറഞ്ഞ ആപ്ലിക്കേഷനുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ഡാറ്റാ അനലിറ്റിക്സിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തി പണലഭ്യതയും കൊടുത്തുതീര്‍ക്കേണ്ട ബാധ്യതയും അറിയുന്നതിനുള്ള അസെറ്റ് ലയബിലിറ്റി മാനേജ്മെന്റ് (എഎല്‍എം)സംവിധാനം ആവിഷ്‌കരിച്ചു വരുന്നു.കൂടാതെ കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ ഡി.ഡി.എഫ്.എസ് എന്ന കടലാസ് രഹിത ഓഫിസ് സംവിധാനം പ്രയോജനപ്പെടുത്തിയാണ് നടന്നുവരുന്നത്.
ഇ-ഗവേണന്‍സ് സംവിധാനം
സുരക്ഷിതവും കാര്യക്ഷമവുമായ ഇ-ഗവേണന്‍സ് സംവിധാനത്തിലൂടെ ഈ ലോക് ഡൗണ്‍ കാലത്ത് വര്‍ക് ഫ്രം ഹോം വിജയകരമായി നടപ്പാക്കാന്‍ കിഫ് ബിക്ക് കഴിഞ്ഞു.
കരാറുകാര്‍ക്കുള്ള ഒരൊറ്റ ബില്‍ പേയ്‌മെന്റ് പോലും ഈ ലോക് സൗണ്‍ കാലത്ത് കിഫ് ബി യില്‍ മുടങ്ങിയില്ല എന്നത് എടുത്തു പറയേണ്ടതാണ്. കരാറുകാര്‍ക്ക് ബില്‍ പേയ്‌മെന്റിന്റെ സ്റ്റാറ്റസ് ഓണ്‍ലൈന്‍ വഴി അറിയാനും ഇ- ഗവേണന്‍സ് വഴി സാധിക്കുന്നുണ്ട്.
ഗുണനിലവാരം
കിഫ്ബി ഫണ്ട് ചെയ്യുന്ന പദ്ധതികളുടെ ആസൂത്രണത്തിനും രൂപകല്‍പനയ്ക്കും നിര്‍വഹണത്തിനുമായി ആധുനിക രീതിശാസ്ത്രങ്ങളാണ് അവലംബിക്കുന്നത്. ഉയര്‍ന്ന ഗുണമേന്‍മ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കിഫ്ബിയുടെ ഇന്‍സ്പെക്ഷന്‍ അഥോറിറ്റി പ്രവര്‍ത്തിക്കുന്നത്. സൈറ്റുകള്‍ സന്ദര്‍ശിച്ച് പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ പരിശോധനകള്‍ ഇന്‍സ്പെക്ഷന്‍ അഥോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ നിരന്തരം ചെയ്യുന്നുണ്ട്.എത്ര അളവ് പ്രവര്‍ത്തികള്‍, എത്രത്തോളം ഗുണമേന്‍മ ഈ രണ്ടു ഘടകങ്ങള്‍ ആണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
ഈ പരിശോധനകള്‍ക്കായി 4 ആധുനിക സംവിധാനങ്ങളാണ് കിഫ്ബി വികസിപ്പിച്ചിട്ടുള്ളത്.
* ഓട്ടോ ലാബ്- പരിശോധനകള്‍ക്കായി ചലിക്കുന്ന പരീക്ഷണശാല
മെറ്റീരിയല്‍ ടെസ്റ്റിങ്ങിനും സൈറ്റ് തല പരിശോധനകള്‍ക്കുമായാണ് ചലിക്കുന്ന ലാബിന് രൂപം കൊടുത്തിട്ടുള്ളത്. ഇന്‍സ്പെക്ഷന്‍ ടീമിന് പദ്ധതിസൈറ്റുകളില്‍ നിന്നു പദ്ധതി സൈറ്റുകളിലേക്ക് പെട്ടെന്ന് നീങ്ങാനും കാര്യക്ഷമവും ഫലപ്രദവുമായി പരിശോധനാ ജോലികള്‍ പൂര്‍ത്തിയാക്കാനും ഏറെ സഹായകരമാണ് ഈ ഓട്ടോ ലാബ്.സര്‍വേ-വിഷ്വല്‍ ഡാറ്റാ ശേഖരണ പ്രക്രിയയുടെ ഒരു ബേസ് സ്‌റ്റേഷനായി ഓട്ടോ ലാബ് പ്രവര്‍ത്തിക്കും.
പ്രധാന പരിശോധനകള്‍ പ്രവൃത്തി സൈറ്റുകളില്‍ തന്നെ നിര്‍വഹിക്കുകയും പിഴവുകളുണ്ടെങ്കില്‍ പരിഹാര നടപടികള്‍ നിര്‍വഹണ ഏജന്‍സിയെ അറിയിക്കുകയും ചെയ്യും. ആണവേതര ഡെന്‍സിറ്റി ഗേജ്,റീബൗണ്ട് ഹാമര്‍,റീബാര്‍ ലൊക്കേറ്റര്‍,അസ്ഫാള്‍ട്ട് ഡെന്‍സിറ്റി ഗേജ്,ഡ്രോണ്‍,ഗ്രൗണ്ട് പെനെട്രേറ്റിങ് റഡാര്‍,ബിറ്റുമിന്‍ എക്സ്ട്രാക്ടര്‍ തുടങ്ങിയവ ഉപകരണങ്ങള്‍ അടങ്ങിയതാണ് ഓട്ടോ ലാബ്
* ഡ്രോണ്‍ അടിസ്ഥാനമാക്കിയ ഗുണമേന്‍മ/പുരോഗതി വിലയിരുത്തല്‍ സംവിധാനം
നിര്‍മാണത്തിനുപയോഗിക്കുന്ന സാമഗ്രികളുടെ പരിശോധന,നിര്‍മാണ പ്രക്രിയയുടെ ഗുണമേന്‍മ പരിശോധന എന്നിവയാണ് അടിസ്ഥാനസൗകര്യവികസനവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന മറ്റേതൊരു ഏജന്‍സിയേയും പോലെ കിഫ്ബിയുടെയും ഗുണനിലവാര മാനേജ്മെന്റ് സംവിധാനത്തിന്റെ അടിസ്ഥാനം.
ഭുമിശാസ്ത്രപരമായി വ്യാപ്തിയുള്ളതും സങ്കീര്‍ണവുമായ വികസന പദ്ധതികളില്‍ ഗുണനിലവാര പരിശോധനയ്ക്കുള്ള പരമ്പരാഗതരീതികള്‍ക്ക് പരിമിതികളുണ്ട്.അതു കൊണ്ടാണ് ഡ്രോണ്‍പോലെയുള്ള ആധുനിക രീതികള്‍ പരിശോധന സംവിധാനങ്ങളിലേക്ക് കിഫ്ബി കൂട്ടിച്ചേര്‍ത്തത്.
അടിസ്ഥാന സൗകര്യവികസന പദ്ധതികളില്‍ ഡ്രോണ്‍ ഉപയോഗം ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. എന്നാല്‍ രാജ്യാന്തരതലത്തില്‍ ഇതിന് നിരവധി മാതൃകകളുണ്ട്.ഇതിന്റെ ചുവട് പിടിച്ച് പദ്ധതി രൂപകല്‍പനയിലും ഗുണമേന്‍മ/പുരോഗതി പരിശോധനയിലും കിഫ്ബി ഡ്രോണുകളുടെ ഉപയോഗം വ്യാപമാക്കിയിട്ടുണ്ട്.
* കേന്ദ്ര ലാബും സ്ഥിരീകരണ പരിശോധനകള്‍ക്കു വേണ്ടിയുള്ള നെറ്റ്‌വര്‍ക്കും
നിര്‍മാണത്തിനുപയോഗിക്കുന്ന സാമഗ്രികളുടെ ഗുണമേന്‍മാ തിരിച്ചറിയുന്നതിനായി പ്രവര്‍ത്തി സൈറ്റുകളില്‍ നിന്നു ശേഖരിക്കുന്ന സാമ്പിളുകള്‍ പരിശോധിക്കാന്‍ കിഫ്ബി ആസ്ഥാനത്ത് ഒരു കേന്ദ്രലാബ് ഒരുക്കിയിട്ടുണ്ട്.വൈദഗ്ധ്യവും പരിചയസമ്പന്നതയുമുള്ള ക്വാളിറ്റികണ്‍ട്രോള്‍ എന്‍ജിനീയര്‍മാരാണ് ഈ പരിശോധനകള്‍ നടത്തുന്നത്. സീവ് അനാലിസിസ്, സില്‍റ്റ് കണ്ടന്റ്,ബിറ്റുമിന്‍ കണ്ടന്റ്,ഇംപാക്ട് ടെസ്റ്റ്,സിബിആര്‍ തുടങ്ങിയ പരിശോധനകളാണ് ഇവിടെ നടത്തുന്നത്. കൂടുതല്‍ ഉയര്‍ന്ന നിലവാരത്തിലുള്ല പരിശോധനകള്‍ക്കായി സ്പെഷ്യലൈസ്ഡ് ലാബുകളുടെ നെറ്റ് വര്‍ക്കും നിലവിലുണ്ട്.
* ക്വാളിറ്റി മോണിറ്ററിങ് സ്റ്റുഡിയോ
വര്‍ക്ക് െൈസറ്റുകളില്‍ നിന്നുള്ള റിയല്‍ടൈം ദൃശ്യങ്ങള്‍ പരിശോധിച്ച് നിര്‍മാണപ്രവര്‍ത്തികള്‍ വിലയിരുത്താനുള്ള ക്വാളിറ്റി മോണിറ്ററിങ് സ്റ്റുഡിയോ കിഫ്ബി ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു. ഈ സ്റ്റുഡിയോയില്‍ ഇരുന്ന് കിഫ്ബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഇതുവഴി നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കഴിയും. ഓട്ടോ ലാബില്‍ സജ്ജീകരിച്ചിരിക്കുന്ന വീഡിയോക്യാമറ വഴി ഫീല്‍ഡില്‍ നടക്കുന്ന പരീക്ഷണങ്ങളും പരിശോധനകളും വിലയിരുത്താന്‍ കഴിയും.ഫീല്‍ഡ്ഇന്‍സ്പെക്ഷന്‍ ടീം ഈ പക്രിയ മുഴുവന്‍ വീഡിയോയില്‍ ചിത്രീകരിച്ച് സ്റ്റുഡിയോയിലേക്ക് കൈമാറും.അതുവഴി പരിശോധനകള്‍ സംബന്ധിച്ച് ഭാവിയില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാനും കഴിയും.






