
പുതിയ കേരളമാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. അടുത്ത പത്തോ പതിനഞ്ചോ വര്‍ഷം കൊണ്ടുപോലും യാഥാര്‍ഥ്യമാകാന്‍ സാധ്യതയില്ലാതിരുന്ന അത്ര വികസനപദ്ധതികള്‍. 140 നിയോജകമണ്ഡലങ്ങളിലും അവ പുരോഗമിക്കുകയാണ്. രാജ്യത്തിനുതന്നെ പുതിയ വികസനമാതൃക.
ഒന്നും രണ്ടുമല്ല, 57,000 കോടി രൂപ മുതല്‍മുടക്കി 730 പദ്ധതികളാണ് കിഫ്ബിയിലൂടെ സര്‍ക്കാര്‍ നടപ്പാക്കുന്നത്. കേരളചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത വികസനമുന്നേറ്റം.
മസാലബോണ്ട് വില്‍പനയിലൂടെ അന്താരാഷ്ര്ട ധനകാര്യ വിപണിയിലേക്കു കാലൂന്നിയ ആദ്യത്തെ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായി കിഫ്ബി മാറി. കിഫ്ബിയുടെ പ്രവര്‍ത്തനത്തിലും സംവിധാനത്തിലും നിക്ഷേപകര്‍ക്കുള്ള വിശ്വാസമാണ് മികച്ച നിരക്കില്‍ പണം ലഭ്യമാക്കാന്‍ സാധിച്ചത്. മറ്റു പല ധനകാര്യസ്ഥാപനങ്ങളും നമ്മുടെ പ്രവര്‍ത്തനമികവില്‍ ആകൃഷ്ടരായി പണം തരാന്‍ മുന്നോട്ടുവരുന്നു എന്നതും ശുഭസൂചനയാണ്.
വമ്പന്‍ പദ്ധതികള്‍ക്കൊപ്പം വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലും കിഫ്ബി സഹായത്തോടെ വലിയ മുന്നേറ്റമാണ് നടക്കുന്നത്. അതിനു തെളിവാണ് 45000 ഹൈടെക് ക്ലാസ് മുറികളും പതിനായിരത്തോളം സ്‌കൂളുകളില്‍ തയാറാകുന്ന ഹൈടെക് ലാബുകളും.141 സ്‌കൂളുകളാണ് മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നത്.
ആരോഗ്യമേഖലയില്‍ 50 ഡയാലിസിസ് യൂണിറ്റുകള്‍,10 കാത്‌ലാബുകള്‍, 23 ആശുപത്രികളുടെ നിര്‍മാണം, നവീകരണം. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെയാണ് ഈ വികസനപ്രവര്‍ത്തനങ്ങളെല്ലാം.
പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ച് കൈയും കെട്ടി നോക്കിനില്‍ക്കുകയല്ല സര്‍ക്കാര്‍. ഗുണനിലവാരമില്ലാത്ത പ്രവൃത്തികള്‍ കണ്ടെത്തിയാലുടന്‍ നിര്‍ത്തിവയ്പിച്ച് നേരേയാക്കും.
മഹാപ്രളയത്തെ അതിജീവിച്ച നമ്മള്‍ മഹാമാരിയും കടന്ന് വികസനത്തിലേക്കു മുന്നേറും.






