* 140 നിയോജക മണ്ഡലങ്ങളിലും കിഫ്ബി പദ്ധതികള്‍
സമാനതകളില്ലാത്ത വികസന മുന്നേറ്റത്തില്‍.
* ദേശീയപാതാ വികസനത്തിന് 5374 കോടി രൂപ
* ആരോഗ്യ മേഖലയില്‍ അടിസ്ഥാനസൗകര്യ മുന്നേറ്റം
* 2150 കോടിയില്‍ 26 സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണം
* 4461 കോടി രൂപ ചെലവില്‍ 71 കുടിവെള്ള പദ്ധതികള്‍
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ കുതിച്ചുചാട്ടം കൊണ്ടുവരാനുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ ലക്ഷ്യത്തിനു വഴിമരുന്നായത് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി). രാജ്യം ഉറ്റുനോക്കുന്ന വികസനമാതൃകയായി കിഫ്ബി മാറി. 140 നിയോജക മണ്ഡലങ്ങളിലും കിഫ്ബി പദ്ധതികള്‍ സമാനതകളില്ലാത്ത വികസന മുന്നേറ്റത്തില്‍.
വിവിധ വകുപ്പുകള്‍ക്കു കീഴില്‍ 57,000 കോടി രൂപയുടെ 730 പദ്ധതികള്‍ക്കാണ് കിഫ്ബി അനുമതി നല്‍കിയത്. 5957.96 കോടി രൂപ വിവിധ പദ്ധതികളില്‍ വിനിയോഗിച്ചു.
ദേശീയപാതാ വികസനത്തിന് 5374 കോടി രൂപ കണ്ടെത്തിയത് കിഫ്ബി വഴിയാണ്. 8765 കോടി രൂപയുടെ 193 റോഡ് നവീകരണ പദ്ധതികള്‍, 825 കോടി രൂപയുടെ 9 ബൈപാസുകള്‍, 1976 കോടി രൂപയുടെ 75 പാലങ്ങള്‍, 961 കോടിയുടെ 13 മേല്‍പ്പാലങ്ങള്‍, 1645 കോടിയുടെ 49 റെയില്‍ മേല്‍പ്പാലങ്ങള്‍, മലയോര ഹൈവേ, തീരദേശ ഹൈവേ ഇങ്ങനെ നീളുന്നു കിഫ്ബി വഴിയുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍.3500 കോടി രൂപ ചെലവിട്ട് 20 സ്‌ട്രെച്ചുകളിലായി 1200 കിലോമീറ്ററിലാണ് മലയോര ഹൈവേ നിര്‍മാണം. 6500 കോടി രൂപ ചെലവിട്ട് രണ്ടു സ്‌ട്രെച്ചുകളിലായി 650 കിലോമീറ്ററിലാണ് തീരദേശ ഹൈവേ നിര്‍മാണം നടക്കുന്നത്. കുണ്ടന്നൂര്‍, വൈറ്റില, എടപ്പാള്‍ മേല്‍പ്പാല പദ്ധതികള്‍ ഈവര്‍ഷം പൂര്‍ത്തിയാക്കും.
കോവിഡിനെതിരേ ശക്തമായ ചെറുത്തുനില്‍പ്പു കഴിഞ്ഞത് ആരോഗ്യ മേഖലയിലെ അടിസ്ഥാനസൗകര്യ മുന്നേറ്റം കൊണ്ടുകൂടിയാണെങ്കില്‍ അതില്‍ കിഫ്ബി പദ്ധതികളുടെ പങ്ക് വലുതാണ്. 2150 കോടി മുടക്കി 26 സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണം പുരോഗമിക്കുകയാണ്. 10 ആശുപത്രികളില്‍ കാത്ത് ലാബ്, 44 ഇടങ്ങളില്‍ ഡയാലിസിസ് യൂണിറ്റ് എന്നിവ ഒരുക്കുന്നു. 141 പൊതു വിദ്യാലയങ്ങളില്‍ 5 കോടി വീതം ചെലവിട്ടുള്ള മികവിന്റെ കേന്ദ്രം പദ്ധതി 2020-21 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകും. 785 കോടി രൂപ ചെലവില്‍ സ്മാര്‍ട്ട് ക്ലാസ്, സ്മാര്‍ട്ട് ലാബ് പദ്ധതികള്‍ പൂര്‍ത്തിയായി. 45000 ക്ലാസ് റൂമുകള്‍ ഹൈടെക്കാക്കി. എല്ലാ സ്‌കൂളുകളിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റി കിഫ്ബി ധനസഹായത്തോടെ സജ്ജമാക്കി. 4752 സ്‌കൂളുകള്‍ ഹൈടെക് ആക്കി.
5200 കോടി രൂപയുടെ കിഫ്ബി ധനസഹായത്തോടെ വൈദ്യുതി മേഖലയില്‍ ട്രാന്‍സ് ഗ്രിഡ് 2.0 പദ്ധതി നടപ്പാക്കുകയാണ്. മൂന്ന് 400 കെ.വി. സബ് സ്‌റ്റേഷനുകള്‍, ഇരുപത്തിരണ്ട് 220 കെ.വി. സബ് സ്‌റ്റേഷനുകള്‍, 4390 കിലോമീറ്റര്‍ പ്രസരണ ലൈനുകള്‍ എന്നിവയടങ്ങുന്നതാണ് പദ്ധതി. 4461 കോടി രൂപ ചെലവില്‍ 71 കുടിവെള്ള പദ്ധതികള്‍ക്കു തുടക്കംകുറിച്ചു. കാസര്‍കോട്, കൊയിലാണ്ടി, താനൂര്‍, പൊന്നാനി നഗരസഭാ പ്രദേശങ്ങളിലേക്കു കുടിവെള്ളം എത്തിക്കാനുള്ള പദ്ധതികള്‍ 2020-21 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകും.പെട്രോ കെമിക്കല്‍ പാര്‍ക്കിനുള്ള ഭൂമി 977 കോടി രൂപ കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്തു. കണ്ണൂരിന്റെ വ്യവസായ വികസനത്തിന് കുതിപ്പേകുന്ന വ്യവസായ പാര്‍ക്കുകള്‍ക്കുവേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിന് തുടക്കംകുറിച്ചു. സംസ്ഥാനത്തിന്റെ വികസനചിത്രം മാറ്റിവരയ്ക്കാന്‍ കെല്‍പ്പുള്ള പദ്ധതിയാണ് കണ്ണൂരിലെയും പാലക്കാട്ടെയും നിര്‍ദിഷ്ട ഇന്‍ഡസ്ട്രിയല്‍ ക്ലസ്റ്ററുകള്‍. കിന്‍ഫ്ര ആണ് ഇതിനുളള സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്.പി.വി.). പദ്ധതിക്കായി കിഫ്ബി 12710 കോടി കിന്‍ഫ്രയ്ക്ക് വായ്പ നല്‍കും. കെഫോണ്‍ പദ്ധതി, കൊച്ചിയില്‍ ഐടി ഇന്നൊവേഷന്‍ സോണ്‍, തിരുവനന്തപുരം ടെക്‌നോ സിറ്റിയിലെ കെട്ടിട നിര്‍മാണം എന്നിവ ഉടന്‍ പൂര്‍ത്തീകരിക്കും. കെ.എസ്.ആര്‍.ടി.സിക്ക് ഇ-ബസുകള്‍ വാങ്ങാന്‍ കിഫ്ബി ധനലഭ്യത ഉറപ്പുവരുത്തും.
മറ്റു വകുപ്പുകളില്‍ 4500 കോടി രൂപയുടെ വിവിധ പദ്ധതികളാണ് കിഫ്ബിയുടെ സഹായത്തോടെ പുരോഗമിക്കുന്നത്.






