
കേരള നിയമസഭ ഏകകണ്ഠമായാണ് കിഫ്ബി ദേദഗതി നിയമം പാസാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ അഭിമാനകരമായ നേട്ടങ്ങളാണ് അതിലൂടെ യാഥാര്‍ഥ്യമാകുന്നതും.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ധനകാര്യരംഗത്ത് കേരളത്തിന്റെ അതിനൂതന ഇടപെടലാണ് കിഫ്ബി വഴിയുള്ള വിഭവസമാഹരണം. രാജ്യാന്തര കമ്പോളത്തില്‍നിന്നും മസാല ബോണ്ട് വഴി പണം സമാഹരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെ ആദ്യ ധനകാര്യ സ്ഥാപനം. അതാണ് കിഫ്ബി. നേരിട്ട് ആദായം തരാത്ത പദ്ധതികള്‍ക്ക് ആര് വായ്പ തരും എന്നു സംശയിച്ചവര്‍ക്കുള്ള മറുപടിയാണു മസാല ബോണ്ട്.
കിഫ്ബി നടക്കുമോ എന്നു സംശയിച്ചവര്‍ നിശബ്ദരായിക്കഴിഞ്ഞു. ദശാബ്ദങ്ങള്‍ക്കപ്പുറം സാധ്യമാകുമായിരുന്ന വികസിത കേരളമാണ് ഇന്നേ കിഫ്ബിയിലൂടെ സൃഷ്ടിക്കുന്നത്. സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ നേര്‍സാക്ഷ്യം.
ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയുടെ സാമൂഹിക വികസന സൂചികകളില്‍ രാജ്യത്ത് മുന്‍പന്തിയിലാണ് കേരളം. അടിസ്ഥാന സൗകര്യ വികസനത്തില്‍ ഈ നേട്ടം നമുക്ക് അത്ര ഇല്ലായിരുന്നു.
ഈ വിടവാണ് കിഫ്ബിയിലൂടെ നികത്തുന്നത്. ദേശീയപാതാ വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ, ട്രാന്‍സ് ഗ്രിഡ് 2.0 പദ്ധതി അങ്ങനെ എത്രയെത്ര പദ്ധതികള്‍...
പദ്ധതികളുടെ ഗുണനിലവാരം, പ്രവൃത്തികളിലെ കാര്യക്ഷമത എന്നിവയ്‌ക്കൊപ്പം തന്നെ കൃത്യതയുള്ള ഒരു ആസ്തി ബാധ്യതാ നിര്‍വഹണ (അസറ്റ് ലയബിലിറ്റി ) രീതിയ്ക്കും കിഫ്ബി ഊന്നല്‍ നല്‍കുന്നു. ഇതാണ് ദേശീയ അന്തര്‍ദേശീയ ധനകാര്യ സ്ഥാപനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കിഫ് ബിയെ പ്രാപ്തമാക്കുന്നതും.
കോടികള്‍ ഒഴുക്കി; സമസ്തമേഖലയിലും
മുതല്‍മുടക്കിന്റെ വ്യത്യസ്ത മാതൃകയുമായി സംസ്ഥാനത്തിനു പുതിയ വികസനമുഖം നല്‍കുകയാണ് കിഫ്ബി. സേവന മേഖലകളിലടക്കം വലിയ നിര്‍മാണ പദ്ധതികള്‍ക്കാണു കിഫ്ബി വഴിതുറന്നത്. അത്തരം 15 പ്രധാന പദ്ധതികളിലേക്ക് ഒരു എത്തിനോട്ടം.
1. ദേശീയപാതാ വികസനം- 5374 കോടി രൂപ.
2. പൊതുമരാമത്ത് പദ്ധതികള്‍- 14500 കോടി
'* 193 റോഡ് നവീകരണം-8765 കോടി
* 9 ബൈപ്പാസുകള്‍- 825 കോടി
* 75 പാലങ്ങള്‍- 1976 കോടി
* 13 മേല്‍പാലങ്ങള്‍- 961 കോടി
* 49 റെയില്‍ മേല്‍പ്പാലങ്ങള്‍- 1645 കോടി
3. 26 സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണം- 2150 കോടി
4. 141 പൊതു വിദ്യാലയങ്ങളിലെ മികവിന്റെ കേന്ദ്രം പദ്ധതി- 5 കോടി വീതം
5. സ്മാര്‍ട് ക്ലാസ്, സ്മാര്‍ട്ട് ലാബ് പദ്ധതികള്‍ - 785 കോടി
6. ട്രാന്‍സ് ഗ്രിഡ് 2.0 പദ്ധതി- 5200 കോടി
7. 71 കുടിവെള്ള പദ്ധതികള്‍- 4461 കോടി
8. പെട്രോ കെമിക്കല്‍ പാര്‍ക്കിനു ഭൂമി- 977 കോടി
9. കണ്ണൂരിലും പാലക്കാടും വ്യവസായങ്ങള്‍ക്ക് ഭൂമി- 12710 കോടി
10. കെ-ഫോണ്‍ പദ്ധതി- 1060 കോടി
11. കൊച്ചി ഐ ടി ഇന്നോവേഷന്‍ സോണ്‍- 250 കോടി,
ടെക്‌നോസിറ്റി ഐ ടി കെട്ടിടം- 100 കോടി
12. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല- 240 കോടി
13. കൊച്ചിയിലെ കനാലുകളുടെ നവീകരണം- 1500 കോടി
14. തൃശൂര്‍ മൃഗശാല-270 കോടി, കോട്ടൂര്‍ ആന പരിപാലന കേന്ദ്രം-72 കോടി
15. പരപ്പനങ്ങാടി മല്‍സ്യബന്ധന തുറമുഖം - 112 കോടി,
ആലപ്പുഴ ചെത്തി മല്‍സ്യബന്ധന തുറമുഖം-97.43 കോടി






