
ന്യൂഡല്‍ഹി: അനുനയം വേണ്ടിടത്ത് കടുംപിടുത്തം, ശരിയായ കാര്യത്തിനായി വേണ്ടിടത്ത് കര്‍ശന നിലപാടുകള്‍ മടിയില്ലാതെ പ്രയോഗിച്ച് പദവികള്‍ വെറും റബ്ബര്‍സ്റ്റാമ്പായി ഇരിക്കാന്‍ വേണ്ടിയുള്ളതല്ലെന്ന് ഓര്‍മ്മപ്പെടുത്തിയ ആളാണ് പ്രണബ് മുഖര്‍ജി. രാഷ്ട്രീയ മാർഗദർശിയായ ഇന്ദിരാ ഗാന്ധിയെപ്പോലെ ശരിയെന്നു തോന്നുന്ന കാര്യങ്ങൾ പറയാനും ചെയ്യാനും അതില്‍ ഉറച്ചു നില്‍ക്കാനും പ്രണബ് മുഖര്‍ജി ഒട്ടും മടി കാണിച്ചിരുന്നില്ല.
അതുകൊണ്ടു തന്നെ അദ്ദേഹത്തെ വിവാദങ്ങളും വിട്ടൊഴിഞ്ഞിരുന്നില്ല. ദയാഹര്‍ജികളുടെ കാര്യത്തില്‍ ഒരു ദയവും ഇല്ലാത്ത രാഷ്ട്രപതി എന്നാണ് ഇന്ത്യയൂടെ പരമോന്നത പദത്തില്‍നിന്നു പ്രണബ് പടിയിറങ്ങുമ്പോള്‍ കിട്ടിയ വിശേഷണങ്ങളില്‍ ഒന്ന്. പ്രണബ് മുഖര്‍ജി സ്ഥാനമൊഴിയുമ്പോള്‍ ദയാഹര്‍ജികള്‍ ഒന്നും തന്നെ ബാക്കി ഉണ്ടായിരുന്നില്ല. അഞ്ചുവര്‍ഷംകൊണ്ട് 35 ദയാഹര്‍ജികളാണ് പ്രണബിനു മുന്നില്‍ വന്നത്. എന്നാല്‍ മുപ്പത്തിയൊന്നും രാഷ്ട്രപതി തള്ളി. ലോകം മുഴുവന്‍ വധശിക്ഷയ്ക്കെതിരേ ശക്തമായ മുറവിളി ഉയര്ത്തു കാലത്ത് നാലെണ്ണത്തില്‍ മാത്രമാണ് ശിക്ഷ ഇളവ് ചെയ്തു കൊടുത്തത്. ''ഒരു ദയയുമില്ലാത്തതിന്റെ'' ആ റെക്കോഡും അങ്ങനെ പ്രണബ് സ്വന്തമാക്കി.
മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്താന്കാരന് അജ്മല്‍ അമീര്‍ കസബ്, പാര്‍ലമെന്റാക്രമണ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്സല് ഗുരു ഉള്‍പ്പെടെയുള്ളവര്‍ ദയാ ഹര്‍ജി തള്ളിയവരില്‍ പെടും. ഇതില്‍ രണ്ടു തവണ ഹര്‍ജി തള്ളപ്പെട്ട 1993 ലെ മുംബൈ സ്ഫോടന പരമ്പര കേസില്‍ ശിക്ഷിക്കപ്പെട്ട യാക്കൂബ് മേമന്റെ രണ്ടു ഹര്‍ജികള്‍ കൂടി വരുമ്പോള്‍ മുന്നിലെത്തിയ ദയാഹര്‍ജികളുടെ എണ്ണം 35 ആകും.
ബിഹാറില്‍ ഉയര്‍ന്ന ജാതിക്കാരായ 34പേരെ കൂട്ടക്കൊല ചെയ്തകേസില്‍ പെട്ട നാലുപ്രതികളുടെ വധശിക്ഷയാണ് പ്രണബ് മുഖര്‍ജി 2017 ല്‍ ഇളവ് ചെയ്തു കൊടുത്തത്. 1992-ല്‍ ബിഹാറിലെ ബാര ഗ്രാമത്തില്‍ മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍ അംഗങ്ങള്‍ ഗ്രാമത്തിലെ സവര്‍ണ വിഭാഗമായ ഭുമിഹാരാ ജാതിയില്‍പ്പെട്ട 34 പേരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ പ്രതികളായ കൃഷ്ണ മോചി, നാനെ ലാല്‍ മോചി, ബിര്‍ കുവേര്‍ പസ്വാന്, ധര്‍മേന്ദ്ര സിങ് എന്ന ദാരു സിങ് എന്നിവര്‍ക്കു 2001 ല്‍ വിധിച്ച ശിക്ഷയാണ് ഇളവ് ചെയ്തത്.
പ്രണബ് മുഖര്‍ജി തള്ളിയ ദയാഹര്‍ജികളുടെ ശതമാനം 88 ആണ്. ഏറ്റവും കൂടുതല്‍ ദയാഹര്‍ജി തള്ളിയ ഇന്ത്യന്‍ രാഷ്ട്രപതിമാരില്‍ രണ്ടാം സ്ഥാനക്കാരനാണ് പ്രണബ്. 45 ദയാഹര്‍ജികള്‍ തള്ളിയ വെങ്കിട്ട രാമനാണ് ഇക്കാര്യത്തില്‍ പ്രണബിന് മുന്നിലുള്ളത്.
പ്രണബ് മുഖര്‍ജിക്ക് തൊട്ടു മുമ്പ് പ്രതിഭാപാട്ടീലിന് മുന്നില്‍ എത്തിയ 39 ദയാഹര്‍ജികളില്‍ 35 എണ്ണത്തിലും ശിക്ഷ ലഘൂകരിക്കപ്പെട്ടപ്പോള്‍ നാലെണ്ണമാണ് തള്ളപ്പെട്ടത്. ഇന്ത്യന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദയാഹര്‍ജി ഉണ്ടായത് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദിന് മുന്നില്‍ ആയിരുന്നു. 180 ദയാഹര്‍ജികളില്‍ അദ്ദേഹം തള്ളിയത് ഒരെണ്ണം മാത്രമായിരുന്നു. എസ് രാധാകൃഷ്ണന് മുന്നിലെത്തിയ 57 ദയാഹര്‍ജികളില്‍ ഒന്നും അദ്ദേഹം തള്ളിയില്ല. നിലപാടുകളില്‍ ഉറച്ചു നില്‍ക്കാനുള്ള ആര്‍ജ്ജവം തന്നെയായിരുന്നു പ്രണബ് മുഖര്‍ജിയുടെ വ്യത്യസ്തത.
2018 ൽ നാഗ്പൂരിൽ ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചപ്പോഴാണ് പ്രണബ് മുഖർജി വീണ്ടും വാർത്തയിൽ നിറഞ്ഞത്. കോൺഗ്രസിൽനിന്നു കടുത്ത പ്രതിഷേധംതന്നെയുയർന്നു. മകൾ ശർമിഷ്ഠ മുഖർജി പോലും അതൃപ്തിയറിയിച്ചു. എന്നിട്ടും പ്രണബ് നാഗ്പുരിലെത്തി. ആർഎസ്എസ് സ്ഥാപകൻ കെ.ബി.ഹെഡ്ഗേവാറിനെ ‘ഭാരതമാതാവിന്റെ മഹാനായ പുത്രൻ’ എന്നു വിശേഷിപ്പിച്ചതും രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരുന്നു.
2012 ലാണ് അദ്ദേഹം രാഷ്ട്രപതിയായത്. 2014 പൊതുതെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ മാറിയെങ്കിലും പ്രണബിന്റെ കസേരയ്ക്ക് ഇളക്കമുണ്ടായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായോ സര്‍ക്കാരുമായോ അനാവശ്യമായി കോര്ത്തില്ല. എന്നാല്‍, അസഹിഷ്ണുത, പാര്‍ലമെന്ററി സംവാദങ്ങളിലെ ഗൗരവമില്ലായ്മ എന്നിവയില്‍ പരസ്യമായി വിമര്‍ശിക്കാനും മടിച്ചില്ല. ഭരണഘടനയും ജനാധിപത്യമൂല്യങ്ങളും സംരക്ഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം.
രാജ്യസഭാംഗമായിരിക്കെ 2001-ല്‍ ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ തനിക്ക് പ്രധാനമന്ത്രിയായിട്ടല്ല, രാഷ്ട്രപതിയായി ശോഭിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. രാജീവിന് പിന്നാലെ സോണിയ രാഷ്ട്രീയത്തിലേക്ക് ചുവട് വെച്ചപ്പോള്‍ ആളും അര്‍ത്ഥവും നല്കിയ പിന്തുണച്ചത് പ്രണബ് മുഖര്‍ജി ആയിരുന്നു. സോണിയ പ്രണബ് മുഖര്‍ജിയെ വിശ്വാസത്തിലെടുത്തു.
പിന്നീട് സീതാറാം കേസരിയുടെ അപ്രമാദിത്വം പൊളിച്ച് സോണിയാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തിയത് ചരിത്രം. വിദേശപൗരത്വത്തെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ സോണിയയ്ക്ക് എതിരേ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ശരദ് പവാര്‍, താരിഖ് അന്‍വര്‍, പി.എ.സങ്മ എന്നിവരെ നേരിടാന്‍ സോണിയ ചുമതലയേല്‍പിച്ചതും പ്രണബ് മുഖര്‍ജിയെയായിരുന്നു. ഡൽഹി രാഷ്ട്രീയത്തിന്റെ ബലതന്ത്രങ്ങളിൽ ഇന്ദിരയുടെ വിശ്വസ്തൻ എന്ന ലേബലാണ് പ്രണബിനെ കരുത്തനാക്കിയത്. ഇന്ദിരയുടെ സ്വാധീനവും പ്രണബിനെ നിശ്ചദാര്ഡ്യമുള്ള നേതാവാക്കി.






