
ലക്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഡോ.കഫീല്‍ ഖാനെ ജയിലിലടച്ച നടപടി അന്യായമാണെന്ന് അലഹബാദ് ഹൈക്കോടതി. ഡോ. കഫീലിനെ ഉടന്‍ മോചിപ്പിക്കാനും കോടതി നിര്‍ദേശിച്ചു. ഡോക്ടറുടെ പ്രസംഗം ഒരു തരത്തിലും വിദ്വേഷമോ സംഘര്‍ഷമോ വളര്‍ത്താന്‍ ഇടയാക്കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. പൊതുസുരക്ഷാ നിയമപ്രകാരം ചുമത്തിയ കുറ്റങ്ങള്‍ കോടതി റദ്ദാക്കി.
സി.എ.എയുമായി ബന്ധപ്പെട്ട് സര്‍വകലാശാലയില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ജനുവരി 29ന് കഫീല്‍ ഖാന് അറസ്റ്റിലായത്. ഏറ്റവും കടുത്ത പൊതുസുരക്ഷാ നിയമം (എന്‍.എസ്.എ) അനുസരിച്ചായിരുന്നു അറസ്റ്റ്.
മതത്തിന്റെ പേരില്‍ രണ്ട് വിഭാഗങ്ങളെ തമ്മില്‍ ശത്രുത വര്‍ധിപ്പിക്കുന്ന വിധത്തില്‍ ഡോ.കഫീല്‍ ഖാന് പ്രസംഗിച്ചുവെന്ന കുറ്റമാണ് ആദ്യം ചുമത്തിയിരുന്നത്. തുടര്‍ന്ന് അറസ്റ്റിലായ കഫീല്‍ ഫെബ്രുവരി 10ന് ജാമ്യത്തില്‍ പുറത്തിറങ്ങിയെങ്കിലും രണ്ടു ദിവസത്തിനു ശേഷം ദേശീയ സുരക്ഷാ നിയമപ്രകാരം വീണ്ടും അറസ്റ്റു ചെയ്തത്.
ഗോരഖ്പുര്‍ സ്വദേശിയായ ഡോ. കഫീല്‍ നിലവില്‍ മഥുരയിലെ ജയിലിലാണ്. അറസ്റ്റ് അന്യായമാണെന്ന് കാണിച്ച് കഫീലിന്റെ മാതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.
1980ല്‍ കൊണ്ടുവന്ന ദേശീയ സുരക്ഷാ നിയമപ്രകാരം, രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭംഗം വരുത്തുന്നുവെന്ന് കണ്ടാല്‍ കുറ്റാരോപിതരെ കുറ്റപത്രം സമര്‍പ്പിക്കാതെ ഒരു വര്‍ഷം വരെ ജയിലില്‍ പാര്‍പ്പിക്കാന്‍ അധികാരം നല്കുന്നു.
2017ല്‍ ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ 60 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിലാണ് ഡോ. കഫീല്‍ ഖാന് ആദ്യം അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ കഫീല്‍ ഖാനെതിരായ കുറ്റങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ലഘൂകരിച്ചിരുന്നു.






